സൂസമ്മ പറ്റിച്ച പണി

എസ് പി
സൂസമ്മ, 25 വയസ്സ്, നേഴ്സിംഗ് പഠനം കഴിഞ്ഞു അധികം വൈകാതെ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയും കിട്ടി. മറ്റു കൂട്ടുകാരികളെപ്പോലെ ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പോയി പണം ഉണ്ടാക്കണം എന്ന് വലിയ ആശ ഒന്നും ഇല്ലായിരുന്നു. തന്റെ നാടിനെയും, നാട്ടുകാരെയും ശുശ്രൂഷിക്കുന്നതില്‍ സന്തോഷവും, അഭിമാനവും സൂസമ്മ കണ്ടെത്തിയിരുന്നു.
വെറും ഒരു സാധാരണ നേഴ്സ് അല്ലായിരുന്നു സൂസമ്മ. കൂര്‍മ ബുദ്ധി ഉള്ളവളും, ബുദ്ധി പരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മിടുക്കി ആയിരുന്നു. സാധാരണ ബഹളം ഉണ്ടാക്കുന്ന രോഗികളെ നല്ലതായി മയക്കിയെടുക്കുന്നതില്‍ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു സൂസമ്മക്ക്. പക്ഷെ അടുത്ത ഇടയായി സൂസമ്മ ആകെ തിരക്കിലാണ്, സൂസമ്മ മാത്രമല്ല എല്ലാ ജീവനക്കാരും അത്യാവശ്യം നല്ല ജോലി തിരക്കിലാണ്. പനി മരണം വെറും ഒരു മാധ്യമ സൃഷ്ടി ആണെന്നാണ് ആരോഗ്യ മന്ത്രി പറയുന്നതെങ്കിലും അയല്‍വക്കകാരനും ബന്ധുക്കളും ഒക്കെ മരിച്ചു വീഴുന്നത് കണ്ടു ജനം മുഴുവന്‍ ആശുപത്രിയിലേക്ക് ഇടിച്ചു കയറുകയാണ്. എല്ലാവര്‍ക്കും രക്തം പരിശോധിക്കണം. എലിയാണോ, ഡങ്കിയാണോ, H1N1 ആണോ അതോ H2N2 ആണോ എന്നൊക്കെ അറിയാനുള്ള തിരക്കിലാണ്. ആശുപത്രി ജീവനക്കാര്‍ക്ക് ഒരു നിമിഷം വിശ്രമിക്കാന്‍ സമയമില്ലാതായിരിക്കുന്നു.
അങ്ങനെ വരുന്നവരുടെ രക്തം എടുത്തു ചെറിയ കുപ്പികളില്‍ നിറച്ചു കൊണ്ടിരിക്കുന്ന ഒരു ദിവസം, തികച്ചും പരിചയമുള്ള ഒരു മുഖം കടന്നു വന്നിരിക്കുന്നത് സൂസമ്മ ശ്രദ്ധിച്ചു. ഒരു നിമിഷം ശങ്കിച്ചെങ്കിലും വളരെ പെട്ടന്ന് തന്നെ പത്രത്താളുകളിലും ടി വി പെട്ടികളിലും പലപ്പോഴും കാണാറുള്ള ആ മുഖം, മുഖത്തെക്കാലുപരി ആ കൈകളും, പ്രത്യേകിച്ച് വിരലുകളും സൂസമ്മ തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ ഓടിച്ചെന്നു വന്ന മാഷിന്റെ ആഗമന ഉദ്യേശം ആരാഞ്ഞു. ” എടി കൊച്ചെ ആള്‍ക്കര്‍ക്കെല്ലാം പല വിധ പനികള്‍ വന്നു കൊണ്ടിരിക്കുകയല്ലിയോ. അതുകൊണ്ട് എനിക്കും എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് അറിയാന്‍ വന്നതാ, നീ വന്നു എന്റെ കുറെ ചോരയെടുത്തു, ഒന്ന് പരിശോധിക്ക്”. മാഷിനോടുള്ള ബഹുമാനം കാരണം സൂസമ്മ ഓടിപ്പോയി ചോരയെടുക്കാന്‍ സൂചി കൊണ്ട് വന്നു. അപ്പോഴാണ് ഒരു ചെറിയ സംശയം, എവിടെനിന്ന് ചോരയെടുക്കും ? അത് ആലോചിക്കാന്‍ സമയം കണ്ടെത്താനുള്ള ഒരു മാര്‍ഗം എന്ന നിലയില്‍ വെറുതെ ഒരു കുശല ചോദ്യം തൊടുത്തു വിട്ടു. “മാഷിന്റെ ബ്ലഡ് ഗ്രൂപ്പ് എന്തുവാ ?”. വന്നു മറുപടി ഉടന്‍ തന്നെ, “എന്റേത് CP -ve (അതായത് Communist Party -ve ) “. പിന്നെയും കുറെ കുശല ചോദ്യങ്ങള്‍ തുടര്‍ന്നു, അതിനിടയില്‍ പതിവുപോലെ കൈയില്‍ നിന്ന് തന്നെ ചോരയെടുക്കാന്‍ സൂസമ്മ തീരുമാനിച്ചു.
ചോരയെടുക്കാന്‍ സൂചി കുത്തിയ സൂസമ്മ ഞെട്ടിപ്പോയി, ആദ്യ കുത്തില്‍ തന്നെ സൂചി ഒടിഞ്ഞു തെറിച്ചു പോയി. പിന്നെയും ഒരു സൂചി കൊണ്ടുവന്നു ശ്രമിച്ചെങ്കിലും ഫലം മുന്‍പത്തേത് തന്നെ ആയിരുന്നു. മൂന്നാം തവണ വളരെ ശ്രദ്ധയോടെയാണ് സൂസമ്മ സൂചി കുത്തിയിറക്കിയത്, പക്ഷെ ചോര പോയിട്ട്, ചുവപ്പ് നിറം പോലും കാണാന്‍ കിട്ടിയില്ല. വളരെ വ്യസനത്തോടെ സൂസമ്മ ആ വിവരം മാഷിനെ അറിയിച്ചു. “മാഷേ കൈയില്‍നിന്നും ചോര കിട്ടുന്നില്ല, അതുകൊണ്ട് മാഷിന് പനിയും മറ്റും ഉണ്ടാകാന്‍ സാധ്യതയില്ല.” തനിക്കു ചോരയില്ലെന്നുള്ള സൂസമ്മയുടെ സംസാരം മാഷിനെ ചൊടിപ്പിച്ചു. “എടി കൊച്ചെ ചോരയില്ലാതാണോ ഞാന്‍ ഇത്രയും നാള്‍ കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ചോരയുണ്ടെങ്കില്‍ എനിക്കും ചോര ഉണ്ട്. നിനക്ക് ചോരയെടുക്കാന്‍ അറിയില്ലെങ്കില്‍ ആ വിവരം പറഞ്ഞാല്‍ മതി. കൈയില്‍ നിന്ന് കിട്ടുന്നില്ലെങ്കില്‍ കാലിന്റെ തുടയില്‍ നിന്നെടുക്കണം. ചോര എടുത്തേ മതിയാവൂ, എന്നിട്ട് അത് പരിശോധിച്ച് എന്തെങ്കിലും തരം പനി ഉണ്ടോയെന്നും പറയണം”. കാലിന്റെ തുടയില്‍ നിന്നും ചോരയെടുക്കാനായി ചെറുകെ മുണ്ട് പൊക്കിയ മാഷിനോട് സൂസമ്മ വെക്കം പറഞ്ഞു ” വേണ്ട മാഷെ ക്ഷമിക്കണം ഞാന്‍ കൈയില്‍ നിന്ന് തന്നെ എടുത്തോളാം”.
അപ്പോഴാണ് സൂസമ്മയുടെ കൂര്‍മ ബുദ്ധി ഉദിച്ചത്. രക്തം പരിശോധിക്കാന്‍ വന്ന അടുത്ത രോഗിയെ മാഷിന്റെ പുറകില്‍ കസേരയില്‍ ഇരുത്തി വേഗം കുറെ രക്തം ഊറ്റിയെടുത്തിട്ടു, പരിശോധനാ ഫലം അറിയാന്‍ വൈകിട്ട് വരാന്‍ പറഞ്ഞു അദേഹത്തെ പറഞ്ഞയച്ചു. നേരെ തിരിഞ്ഞു അതെ സൂചി കൊണ്ട് തന്നെ മാഷിനു ചെറിയ ഒരു കുത്ത് കൊടുത്തിട്ട് വലിയ ആഹ്ലാദത്തോടെ പറഞ്ഞു “മാഷേ ദാണ്ടേ രക്തം വന്നു”. തെല്ലൊരു അഭിമാനത്തോടു കൂടി മാഷും തിരിച്ചു പറഞ്ഞു “അതാടീ കൊച്ചെ ഞാന്‍ പറഞ്ഞത്, കുത്തിയാല്‍ വരുമെന്ന്”. മാഷും വൈകിട്ട് ഫലം അറിയാന്‍ വരുമെന്ന് പറഞ്ഞു മടങ്ങിയപ്പോള്‍ സൂസമ്മ ആ രക്തം പകുതി അതിന്റെ യഥാര്‍ത്ഥ ഉടയെന്റെ പേരെഴുതിയ കുപ്പിയിലും ബാക്കി പകുതി മാഷിന്റെ കുപ്പിയിലും നിക്ഷേപിച്ചു. എന്നിട്ട് വെറുതെ രജിസ്റ്റര്‍ ബുക്കില്‍ പോയി ചോരയുടെ യഥാര്‍ത്ഥ ഉടയെന്റെ മേല്‍വിലാസം നോക്കി. ‘സുധാകരന്‍ പിള്ള’ മാത്രമോ കക്ഷി തന്റെ ജോലിയും അവിടെ എഴുതിയിട്ടുണ്ടായിരുന്നു, ‘മണ്ഡലം കൊണ്ഗ്രെസ്സ് പ്രസിടന്റ്റ്’. തന്റെ ബുദ്ധി അന്നേരം പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍, ഉണ്ടാകുമായിരുന്ന കോലാഹലങ്ങളെ ഓര്‍ത്തു സൂസമ്മ അറിയാതെ കുറച്ചു നേരം ഇരുന്നുപോയി.
ഏതായാലും വൈകുന്നേരം പരിശോധനാഫലം വാങ്ങാന്‍ ആദ്യം വന്നത് സുധാകരന്‍ പിള്ള ആയിരുന്നു. ഫലം നോക്കിയപ്പോള്‍ പനിയോ മറ്റു കുഴപ്പങ്ങളോ ഇല്ല, പക്ഷെ ഷുഗര്‍ സ്വല്പം കൂടുതല്‍. കുറച്ചു കഴിഞ്ഞു തിരക്കിനിടയില്‍ കൂടി ഫലം വാങ്ങാന്‍ മാഷും എത്തി. ഫലം നോക്കിയപ്പോള്‍ പനിയോ മറ്റു കുഴപ്പങ്ങളോ ഇല്ല, പക്ഷെ ഷുഗര്‍ സ്വല്പം കൂടുതല്‍. മാഷിനും സന്തോഷമായി. പക്ഷെ അതിനിടയില്‍ രേഖപ്പെടുത്തിയിരുന്ന ബ്ലഡ് ഗ്രൂപ്പ് കണ്ടു മാഷ് ശരിക്കും ഞെട്ടിപ്പോയി, INC +ve (Indian National Congress അതും +ve ). അപ്പോള്‍തന്നെ തന്റെ രക്തം എടുത്ത നേഴ്സിനെ കാണണം എന്ന് മാഷ് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ സൂസമ്മയെ വിളിച്ചു വരുത്തി. മാഷ് സൂസമ്മയോട് ആകാംഷയോട് കൂടി ചോദിച്ചു ” എടീ കൊച്ചെ നീ രക്തം എടുത്തതിലോ, മറ്റുള്ളവര്‍ പരിശോധിച്ചതിലോ വല്ല കുഴപ്പം ഉണ്ടായിട്ടുണ്ടോ?”. “ഇല്ല മാഷെ എല്ലാം ശരിയാംവിധമാണ് ചെയ്തിരിക്കുന്നത് “. മറുപടി കേട്ട മാഷ് അങ്ങനെ തന്നെ തറയില്‍ ഇരുന്നു എന്നിട്ടിങ്ങനെ വിലപിച്ചു “എന്റെ ചോര, എന്റെ സ്വന്തം ചോര എന്താണെന്ന് അറിയാതെയാണെല്ലോ ഞാനിതുവരെ ജീവിച്ചതും പ്രസംഗിച്ചതും”. ആ ഇരുപ്പു ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടു നിന്നു. പിന്നീട് ചെറുകെ എണീറ്റ് വീട്ടിലേക്കു മടങ്ങി.
രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല, മാത്രമോ എന്തേ എനിക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ല എന്നുള്ള കുറ്റബോധവും. ഈ സത്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ സ്വന്തം വര്‍ഗമായ, എന്റെ സ്വന്തം ചോരയായ ആ കൊണ്ഗ്രെസ്സുകാരെ വെറുതെ ഞാനിങ്ങനെ ചീത്ത വിളിക്കുമായിരുന്നോ. ഇല്ല എനിക്ക് പശ്ശാതപിക്കണം, എന്റെ കുറ്റങ്ങള്‍, തെറ്റുകള്‍ എല്ലാം ഏറ്റു പറയണം. ഗാന്ധിജി, നെഹ്‌റു മുതല്‍ സോണിയ വരെയുള്ളവരെ മനസ്സില്‍ ധ്യാനിച്ച് ചെറുകെ മയക്കത്തിലേക്കു നടന്നു കയറി.
അതിന്റെ അടുത്ത ദിവസം തന്നെ അദ്ദേഹം അത് വിളിച്ചു പറഞ്ഞു, അതും വളരെ ഉറക്കെ തന്നെ. “എന്റെ രക്തം പരിശോധിച്ചാല്‍ ഞാനും ഒരു കൊണ്ഗ്രെസ്സുകാരന്‍ ആയിരിക്കും.”. ഇത് കേട്ട് കേരളം ഞെട്ടി. മാത്രമോ ഗാന്ധിജിയെപ്പോലെ, നെഹ്രുവിനെപ്പോലെ ഒരു കൊണ്ഗ്രെസ്സുകാരന്‍ ആയി അറിയപ്പെടാന്‍ ആണ് എനിക്കിഷ്ടം. വല്ലപ്പോഴും പറയാറുള്ള വിവരക്കേടുകളില്‍ ഒന്ന് മാത്രമായിരിക്കും എന്ന് കരുതി ആശ്വസിച്ച സഖാക്കള്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം ഉള്‍കൊള്ളാന്‍ നിര്‍ബന്ധിധര്‍ ആയതു രണ്ടു ദിവസം കഴിഞ്ഞുള്ള മറ്റൊരു പ്രസ്താവന കൂടി വന്നപ്പോഴാണ്.
ഇപ്രാവശ്യം സ്വല്പം കൂടി കടുത്തത് ആയിരുന്നു ആ വിളിച്ചു പറച്ചില്‍. കേന്ദ്രത്തില്‍ ജയറാം രമേശ് പരിസ്ഥിതി മന്ത്രി ആയതു വലിയൊരു ഭാഗ്യമാണെന്നും, എ കെ ബാലന്‍ ആയിരുന്നു ആ സ്ഥാനത്തെങ്കില്‍ അതിരിപ്പിള്ളി എന്നേ നശിച്ചു പോയെനെമായിരുന്നുവെന്നും . കമ്മ്യുണിസ്റ്റ് മന്ത്രിമാര്‍ തങ്ങളുടെ ‘പരിമിതമായ’ അറിവില്‍ പരിഭ്രമിച്ചാണ് വന്‍കിട പദ്ധതികള്‍ക്ക് അനുവാദം നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനത്തിന്റെ മുന്‍പില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുവാനുള്ള ശ്രമത്തില്‍ ചില കഥകളി വേഷങ്ങളെപ്പോലെ ‘ഗ്വാ ഗ്വാ’ മുഴക്കുകയാണ് ബാലന്‍ ചെയ്യുന്നത്. വികസനം എന്നത് കഷ്ടപ്പെടുന്നവനെ വിഴുങ്ങാനള്ളതല്ലെന്നു മാര്‍ക്സിസ്റ്റ്‌കാര്‍ മനസ്സിലാക്കണം എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ഏവര്‍ക്കും പിടികിട്ടി. ഇനി ഇപ്പോള്‍ എന്തൊക്കെ വാചക കസര്‍ത്തുകള്‍ ആയിരിക്കും വരാന്‍ പോകുന്നതെന്നറിയാതെ വിറച്ചിരിക്കുകയാണ് പലരും. പക്ഷെ ഇതെല്ലാം കണ്ടു ഊറിചിരിക്കുന്ന ഒരാളുണ്ട്, സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സ് സൂസമ്മ.
മാഷിന്റെ മാറ്റം കണ്ടു അതേ ആശുപത്രിയില്‍ പോയി തന്റെ ബ്ലഡ് ഗ്രൂപ്പ് കൂടി പരിശോധിച്ചിട്ടേ ഇനിയും തനിക്കു ഉറക്കം ഉള്ളു എന്ന് ശപഥം ചെയ്തു നടക്കുന്ന ഒരാളുണ്ട്, സിനിമയില്‍ നിന്നും വിലക്കപ്പെട്ട ഒരു മൂത്ത ചേട്ടന്‍. സൂസമ്മയുടെ എത്ര സൂചികള്‍ കൂടി ഇനി ഓടിയാനിരിക്കുന്നു.








