Monthly Archives: October 2011

കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ ?

അപ്പന്‍ ചത്ത പുലയെന്റെ മോനെ.

അക്കരെ ചെന്ന് പറയെന്റെ മോനെ.

പറഞ്ഞില്ലെങ്കില്‍ കുറവന്റെ മോനെ.

കേട്ട പാതി കേള്‍ക്കാത്ത പാതി മകന്‍ ഓടി. പക്ഷെ അക്കരെ പോകണമെങ്കില്‍ കടത്തു വള്ളത്തില്‍ വേണം പോകാന്‍. കൂലി അങ്ങോട്ട്‌ രണ്ടു രൂപ, ഇങ്ങോട്ട് രണ്ടു രൂപ.
മൊത്തം നാല് രൂപ. അമ്മയുടെ കയ്യില്‍ നിന്നും നാല് രൂപ വാങ്ങി അക്കരെയുള്ള ശശിയെട്ടനെയും, രാഘവേട്ടനെയും, സുകുമാരെട്ടനെയും വിളിക്കുവാന്‍ ഓടി, അമ്മയുടെ സ്വന്തം മകന്‍.

പുഴയോരത്ത് ചെന്നപ്പോള്‍ ആണ് ആ ബുദ്ധി ഉദിച്ചത്. അക്കരയ്ക്കു നീന്തി പോയി വരുകയാണെങ്കില്‍ നാല് രൂപ പോക്കെറ്റില്‍ ഇരിക്കും. പിന്നെ ഒന്നും ആലോചിച്ചില്ല, ചാടി ഒരു ചാട്ടം. നീന്തലിനിടയില്‍ ചെറിയ ഒരു ബുദ്ധി കൂടി തോന്നി. ഇങ്ങനെ കുറെ ദിവസം പോയാല്‍ പോക്കറ്റ്‌ ചെറുതായൊന്ന് വീര്‍ക്കില്ലേ.

തിരിച്ചു വന്ന് അമ്മയോട് പറഞ്ഞു, ശശിയേട്ടന്‍ മാത്രമേ സ്ഥലത്ത് ഉള്ളായിരുന്നു. ഇനിയും ബാക്കി ഉള്ളവരെ വിളിക്കുവാന്‍ നാളെ വീണ്ടും പോകണം. ഈ പോക്ക്
കുറെ നാള്‍ നീണ്ടു. ദിവസവും നാല് രൂപാ വീതം പോക്കാട്ടില്‍ തടഞ്ഞു.

ഒരു ദിവസം പിടി വീണു, അമ്മയെ പറ്റിച്ചെടുത്ത തുക മുഴുവന്‍ തിരികെ നല്‍കാം എന്ന് പറഞ്ഞു രക്ഷപെട്ടു. പക്ഷെ ആ രൂപയോന്നും ഇതുവരെ അമ്മയുടെ കൈയ്യില്‍ ചെന്നിട്ടില്ല.

നമ്മുടെ ധീര വനിത കിരണ്‍ ബേദിയും ഇത്ര മാത്രമേ ചെയ്തിട്ടുള്ളൂ. നാറ്റം അടിക്കുന്ന സ്ഥലത്തിരുന്നു യാത്ര ചെയ്തിട്ട്, ഉയര്‍ന്ന ക്ലാസ്സിലെ ചാര്‍ജ് വാങ്ങി.
ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ എല്ലാം തിരിച്ചു കൊടുക്കാമെന്നു പറയുന്നു. മോഷണ കലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ വലിയ മാഡം.

കിരണ്‍ ബേദി ആണ് ശരിക്കും താരം. അതായത് ബലാല്‍സംഗം ചെയ്തവന്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചു കൊള്ളാമെന്നു പറഞ്ഞപ്പോള്‍ പ്രതിയെ വെറുതെ വിട്ട കോടതിയുടെ കീഴ്വഴക്കം പോലെ ഉണ്ടിത്.

ശരിക്കും അതൊരു നല്ല കീഴ്വഴക്കം തന്നെ ആണ്. അപ്പോള്‍ പീഡനത്തില്‍ പിടിയിലായിരിക്കുന്ന എല്ലാ മാന്യന്മാരും പുറത്തിറങ്ങും. ഞാനവളെയും കേട്ടിക്കൊളാമെന്നു പറഞ്ഞാല്‍ മതിയെല്ലോ.

പിന്നെ ചെറിയ ഒരു കുഴപ്പം ഉള്ളത് പറവൂരെയും, കോതമംഗലത്തെയും പെണ്‍കുട്ടികള്‍ക്ക് ഇരുനൂറും മുന്നൂറും ഭര്‍ത്താക്കന്മാര്‍ കാണും. ഹ എന്തൊരു സംരക്ഷണ വലയം.

ടീം ഹസാരയിലെ ഹസാരെ ഉള്‍പ്പെടെയുള്ള എല്ലാ പോന്നുമക്കളും ഈ കൂട്ടത്തില്‍ പെടുന്നവര്‍ തന്നെ. എങ്കിലും പറയുമ്പോള്‍ എല്ലാവരെയും അടച്ചാക്ഷേപിക്കരുത്. ഓഫീസിലെ ജോലി കഴിഞ്ഞു നൈറ്റ്‌ ക്ലബ്ബില്‍ പോകാതെ നേരെ വീട്ടില്‍ പോയിരുന്ന ഒരു നല്ലവനും ഈ ചെന്നായ്ക്കളുടെ കൂട്ടത്തില്‍ പെട്ട് പോയി. Mr . Santhosh Hegde .

അടിക്കുറിപ്പ് : കഴിഞ്ഞ ദിവസം ഒരു ഹോസ്പിറ്റലില്‍ പോയി. മൂത്രം ഒഴിക്കാന്‍ പോയപ്പോള്‍ മൂന്നു മുറികള്‍ കണ്ടു. ഒന്ന് LADIES ONLY , മറ്റൊന്ന് GENTS ONLY , അടുത്ത മുറിയുടെ ബോര്‍ഡ്‌ ഇങ്ങനെ ആയിരുന്നു STAFF ONLY . എന്തേ ഈ STAFF മറ്റേ രണ്ടു ഗണത്തിലും പെടില്ലേ ?

പൊട്ടാത്ത കുറെ വെടികള്‍

 

വെടി വെച്ചാല്‍ കുറ്റം, വെടി  വെച്ചില്ലേല്‍ കുറ്റം. ഇതൊരു ഭയങ്കര അപകടകരമായ സാഹചര്യം ആണ്. പോലീസുകാരനെ തല്ലിക്കൊല്ലുന്നത് കണ്ടു നില്‍ക്കാന്‍ വയ്യാതെ രാധാകൃഷ്ണ പിള്ള വെച്ചു നാല് വെടി. വെടി വിവരം നാട്ടില്‍ പാട്ടായി. പിന്നത്തെ സംശയം പിള്ള വെടി വെച്ചത് മേലോട്ടാണോ, അതോ നേരേയാണോ…എനിക്ക് നേരെ മാത്രമേ വെടി വെച്ച് പരിചയം ഉള്ളു എന്ന് പറഞ്ഞു പിള്ള അക്കാര്യം ഉറപ്പിച്ചു, ഞാന്‍ നേരെ തന്നെയാണ് വെടി വെച്ചതെന്ന്.

 

അപ്പോള്‍ വിവര ദോഷികള്‍ ചോദിക്കും ഏന്തേ ഒരെണ്ണം പോലും കാഞ്ഞില്ല എന്ന് ? കാരണം പറയുവാന്‍ പറ്റുമോ….സാധനം MADE IN CHINA ആയിരുന്നു. നേരെ നോക്കി വെടി വെച്ചിട്ട് പോലും ഒരെണ്ണവും ഫലം കണ്ടില്ലെങ്കില്‍ അത് ചൈനയില്‍ ഉണ്ടാക്കിയതായിരിക്കണം. 

 

അപ്പോഴാണ്‌ മുല്ലനെഴിക്ക് ആരും വെടി വച്ചില്ല എന്ന് പറയുന്നത്. മുല്ലനേഴി മരിച്ചു അടക്കിയപ്പോള്‍ സര്‍ക്കാര്‍ തോക്കില്‍ നിന്ന് ഒരു വെടി പോലും ഉയിര്‍ന്നില്ല പോലും. രണ്ടു പാട്ടോ രണ്ടു നോവലോ എഴുതിയവര്‍ മരിക്കുമ്പോള്‍ സര്‍ക്കാര്‍ ഓടി നടന്നു വെടി വെയ്ക്കണം എന്ന് പറഞ്ഞാല്‍ വളരെ കഷ്ടം ആണ്. അപ്പോള്‍ കുഞ്ഞൂഞ്ഞിന് വെടി വെയ്ക്കാനെ സമയം കാണുള്ളൂ.

 

അത് കൊണ്ട് ഇപ്പോള്‍ ഉള്ള എഴുത്തുകാരെല്ലാം ഒരു തീരുമാനം എടുക്കണം, അതായത് ഞങ്ങള്‍ ചത്താല്‍ ആരും വെടി വെയ്ക്കേണ്ട. കട്ടുറുമ്പ് എന്ന വാക്കിന് പുതിയ മാനങ്ങള്‍ കണ്ടെത്തിയ ഞാനും പറയുന്നു, എന്റെ പേരിലും ആരും വെടി വെയ്ക്കണ്ട.            

 

അഞ്ച് വര്ഷം ഭരിച്ചിട്ടും ഒരാളെയും നേരിട്ട് വെടി വെക്കുവാന്‍ സാധിക്കാതെ പോയ ഒരു ചെറിയ പെരിയ സഖാവ് ഇപ്പോള്‍ പലരെയും വെടി വെക്കുവാന്‍ ഓടി നടക്കുന്നു. നന്ദ കുമാര്‍ എന്ന നല്ലവനും, സാമൂഹ്യ പ്രവര്ത്തകനും, മനുഷ്യ സ്നേഹിയുമായ വ്യക്തിയെ(ഇദ്ദേഹം ഒരു മൃഗം അല്ല കേട്ടോ )   വി എസ് എന്ന മനുഷ്യന്‍ കഴിഞ്ഞ ദിവസം വീണ്ടും  കണ്ടു. വി എസ്സും മനുഷ്യന്‍ തന്നെ ആണേ, സ്വഭാവം മറ്റേത് ആണെങ്കില്‍ പോലും.      

 

ഇനിയും ആരെ ഒക്കെ കുടുക്കണം, പിണറായി, കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞു തുടങ്ങി എല്ലാവരെയും പുള്ളിക്ക് കുടുക്കണം. പക്ഷെ തോക്കിലെ ഉണ്ടയില്‍ ഒരു നേരിയ കുറവ്. ചില ഉണ്ടകള്‍ സ്വന്തം മകന്റെ നേരെയും വരുന്നു എന്ന നഗ്ന സത്യം അംഗീകരിക്കുവാന്‍  വെടി വെയ്ക്കുവാന്‍ അറിയാത്ത സഖാവ്  ഇന്നേ വരെ സമ്മതിചിട്ടില്ല. വെയ്ക്കാട്ടെ പുള്ളിയും രണ്ടു വെടി.

 

ഇനിയും നാട്ടില്‍ ഉള്ള എല്ലാ അഴിമതിയ്ക്ക് എതിരെയും വെടി വെച്ചു കൊണ്ട് ഒരു ഇപ്പോള്‍ ചെറിയവനും പണ്ട് വലിയവനും ആയിരുന്ന ഒരു നേതാവ് വരുന്നുണ്ട്. അദ്ദേഹം പറയുന്നത് ദേശം മുഴുവന്‍ ചുറ്റി നടന്നു വെടി വെയ്ക്കും എന്നാണ്. പക്ഷെ ചെറിയ ഒരു അപേക്ഷ മാത്രം. ലോകത്തിന്റെ നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ വരുമ്പോള്‍ ആ തോക്ക് പുറത്തെടുക്കരുത്. കാരണം പൊട്ടുന്നത് പലതും ജയിലുകളില്‍ ആയിരിക്കും.   ‍      

 

എങ്കിലും ഗദ്ദാഭി എന്ന പാവം (വീണ്ടും മൃഗമല്ല മനുഷ്യന്‍ തന്നെ) മനുഷ്യനെ വെടി വച്ചവന്റെ ഉന്നം തെറ്റിയില്ല. അത് പിള്ളയുടെതുപോലെ MADE IN CHINA തോക്ക് അല്ലായിരുന്നു. ഒറിജിനല്‍ MADE IN USA .       

 

അടിക്കുറുപ്പ്‌: 

 

ദീപാവലിക്ക് എങ്കിലും പൊട്ടിക്കുന്ന വെടികള്‍ / അല്ലെങ്കില്‍ പടക്കങ്ങള്‍ ഒന്ന് മാന്യമായി പോട്ടണമേ എന്ന് ആഗ്രഹിക്കുന്നു     

 

വീക്ഷണം

വീക്ഷണം

ന : സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ

എന്റെ മുത്തച്ഛന്‍  പലപ്പോഴും  പുലമ്പിക്കൊണ്ടിരുന്ന  മനുസ്മൃതി  പോലെ
ഏതോ വേദ വാക്യമായിരുന്നു. പിന്നീട് എനിക്ക്  മനസ്സിലായിയിരുന്നു   ഇത്
പറയുന്നത് ഞങ്ങള്‍ പെണ്ണുങ്ങളെ അടക്കി നിര്‍ത്താനുള്ള
ഒരു ആയുധം മാത്രമായിരുന്നുവെന്ന്..
ഞങ്ങള്‍ പെണ്‍ ജാതികള്‍ക്കു ഉറക്കെ
പാടാന്‍ വയ്യ, പാവാട പൊക്കിക്കുത്തി ഓടാന്‍ പറ്റത്തില്ല, ആണ്‍ പിള്ളേരുടെ
കൂടെ ചാടാന്‍ വയ്യ എന്നൊക്കെ. കൂട്ടത്തില്‍ വല്യമ്മയുടെ ചാട്ടവും വേറെ "
തലേം മൊലേം വന്ന പെമ്പില്ലേരു അടങ്ങി വീട്ടിനകത്തിരുന്നോണം"     അവരുടെ
സാങ്കല്പിക നിയന്ത്രണ രേഖകള്‍ക്കതീതമായി ഒരു നീക്കം കണ്ടാല്‍ ഈ
മുത്തച്ചനും അമ്മൂമ്മയ്കുമൊക്കെ  വേദ വാക്യങ്ങളും അച്ചടക്ക
നിയമങ്ങളുമൊക്കെ നല്ല ഓര്‍മയായി, അട്ടഹാസ്സമായി. അല്ലാതെ വേറെ നല്ല
കാര്യം വല്ലതും ചോദിച്ചാല്‍ അവര്‍ക്കൊന്നും തീരെ ഓര്‍മയില്ല താനും.
അന്നൊക്കെ പെണ്‍ പ്രജകളെ ശരിക്കും അടിച്ചമര്‍ത്തിയതുപോലെ
കര്‍ശനമായിട്ടായിരുന്നു വളര്‍ത്തിയിരുന്നത്, അതിനു അതിന്റേതായ ഗുണവും
ഉണ്ടായിരുന്നു എന്നത്  ഇപ്പോള്‍ മനസ്സിലാകുന്നുവെന്നു
അംഗീകരിക്കാതിരിക്കാന്‍   വയ്യ.
ഇന്ന് സ്ത്രീകള്‍ ലേശം അതിര്‍ വിട്ടു  പോകുന്നതായി  , പക്വത  വന്ന
നമ്മളില്‍ കുറെ പേര്‍ക്കെങ്കിലും തോന്നി തുടങ്ങിയിട്ടില്ലേ? സമകാലിക
വാര്‍ത്തകളും മറ്റു മാധ്യമങ്ങളും ചൂടായി നിത്യവും  പൊതു ജനങ്ങളെ ഹരം
പിടിപ്പിക്കാന്‍ പകര്‍ന്നു തരുന്നത്  പഴയതുപോലെ മഞ്ഞ പത്രങ്ങളിലെ വാര്‍ത്തകള്‍ അല്ല,
മിക്കവാറും എല്ലാം തന്നെ പച്ചയായ സത്യങ്ങള്‍  എന്ന്  കാണുമ്പോള്‍ നമ്മുടെ
സ്ത്രീത്വം  എന്നിത്രയും നാള്‍ കൊട്ടിഘോഷിച്ച  അഭിമാന സ്തംഭത്തിന്
 സാരമായ കോട്ടം  സംഭവിച്ചിട്ടില്ലേ   എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയില്‍ ക്ലബില്‍  കുറെ സ്ത്രീ രത്നങ്ങള്‍ എന്നെ സ്വല്പം
വാരിയെന്നു തോന്നുന്നു " ഈയിടെ ആയിട്ട് ലക്ഷ്മി മാഡം ആകെ മാറി പോയെന്നു
തോന്നുന്നു, പഴയതുപോലെ  അത്ര പുരുഷവിദ്വേഷി അല്ലാതെ ആയതുപോലെ! "
എനിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട് , ചുമ്മാ സ്ത്രീ മാഹാല്മ്യം
പൊക്കിപ്പിടിച്ച് കാണിക്കാനും മാത്രം വിലയില്ലാതായിരിക്കുന്ന ഈ
കാലഘട്ടത്തില്‍  ഞാന്‍ വെറുതെ മസ്സില് പിടിച്ചു നടന്നിട്ടും
കാര്യമില്ലെന്ന്.  ഇന്നത്തെ സ്ത്രീകള്‍, പ്രത്യേകിച്ചും
പെണ്‍കുട്ടികളില്‍ പഴയ അച്ചടക്ക തത്വസംഹിതകല്‍ക്കൊന്നും യാതൊരു വിലയും
ഇല്ലാതായിട്ടുണ്ട്.
പുരുഷ സമത്വവും അതിനപ്പുറവും നാം ചുരുങ്ങിയ
നാള്കൊണ്ട് കടന്നു കയറിയതുപോലെ. വര്‍ഷങ്ങള്‍ക്കു മുമ്പ്  ഒരു  ബ്ലാക്ക്
ആന്‍ഡ്‌  വൈറ്റ്  ഹിന്ദി സിനിമ കണ്ടിരുന്നു "പതി പത്നി ഓര്‍ വഹ്".
ഭാര്യയും ഭര്‍ത്താവും പിന്നെ ഒരു അവനോ അവളോ കൂടെ. അക്കാലത്ത്  അങ്ങിനെ
ചിന്തിക്കാന്‍ പോലും വയ്യാതിരുന്നെങ്കില്‍, ഇന്ന്  അതൊരു പ്രശ്നമേ അല്ലാ
എന്നാ സ്ഥിതിയിലേക്ക്, സ്ത്രീകളും കടന്നു കഴിഞ്ഞോ? പ്രത്യേകിച്ചും
കുലീനത്വവും വിദ്യാഭ്യാസവും കൂടുതല്‍  അവകാശപ്പെടുന്ന മലയാലീനാരികള്‍ !
കോട്ടയത്തിനടുത്ത് കഴിഞ്ഞ മാസം വിവാഹ മണ്ടപത്തില്‍നിനും ഒരു വധു ഓടി
പുറത്തു നിന്ന കാമുകനോടൊപ്പം കടന്നുകളഞ്ഞു.. അവിടെ കൂടിയിരുന്നവര്‍ക്കും
വായിച്ചവര്‍ക്കും അതൊരു തമാശ ആയിരുന്നെക്കാം. പക്ഷെ ആ രണ്ടു
കുടുംബാങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും,  വരനും എന്ത് അപമാനവും ഷോക്കും
നല്‍കാന്‍ ആ പെണ്ണിന് കഴിഞ്ഞു. അവള്‍ അത്ര ബോള്‍ഡ് ആണെങ്കില്‍
ചെറുക്കനോട് ആലോചിക്കുമ്പോള്‍ തന്നെ പറയുകയോ ഒരു ടെക്സ്റ്റ്‌ മെസ്സേജ്
എങ്കിലും കൊടുക്കത്തില്ലായിരുന്നോ?
 കുറെ ആഴ്ച്ചകല്‍ക്കുമുംപേ  പത്തനംതിട്ടയിലാനെന്നു തോന്നുന്നു, നഴ്സിംഗ്
വിദ്യാര്‍ഥിനി ആയ, കല്യാണം കഴിഞ്ഞു  ഒരു ആഴ്ച മാത്രമായ ഭാര്യയെ വിദേശത്ത്
ജോലിയുള്ള ഭര്‍ത്താവ് ദാരുണമായി കൊല ചെയ്തു. കാരണം  അവള്‍ ഭര്‍ത്താവിനോട്
കൂടെ കിടക്കാന്‍  എതിര്‍ത്ത് മാറി കിടന്നു, പുതപ്പിനടിയില്‍
കിടന്നുകൊണ്ട്  പാതി രാത്രിയില്‍ കാമുകന്  പത്തു എസ് എം എസ്
മെസ്സേജുകള്‍ , അര മണിക്കൂറിനുള്ളില്‍  അയച്ചിരിക്കുന്നു. മാത്രമല്ല
പിറ്റേന്നും ഇത് ആവര്‍ത്തിച്ചിരിക്കുന്നു . സംശയം ചോദിച്ച ഭര്‍ത്താവിനോട് നുണ
പറയുകയും തന്റെ വ്യക്തി ജീവിതത്തില്‍ കടന്നു കേറി ചോദ്യം
ചെയ്യേണ്ടതില്ലെന്നും നവവധു മറുപടി പറഞ്ഞെന്നു കേട്ടാല്‍ , കൊല
നടന്നില്ലെന്കിലെ അദ്ഭുതമുള്ളൂ.
ആണിനുമില്ലേ ദ്വേഷ്യവും അഭിമാനവും,
അവയ്ക്ക് പോറല്‍ ഏല്പിച്ചാല്‍ ആരും ചിലപ്പോള്‍ മൃഗം ആകുമെന്ന്  തല്‍കാലം
പറഞ്ഞൊഴിയാം, പക്ഷെ ആ നവവധുവിന്  ഇത്രയും സ്വാതന്ത്ര്യവും അഹമ്കാരവും
എവിടുന്നു കിട്ടി? ഇന്നത്തെ  നാം കണ്ണടച്ചു നല്കിയതാണോ?  ഇത്രയും
അഴിഞ്ഞാട്ടം വേണോ  എന്ന് ചിന്തിക്കാന്‍ സമയമായി.
മറ്റൊരു സംഭവത്തില്‍ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിനി  നിത്യവും രാത്രിയില്‍
കുളിക്കാന്‍ ബാത്ത് റൂമിലേക്ക്‌ പോകുമ്പോള്‍, ബോയി ഫ്രണ്ടിനു മെസേജു
കൊടുത്തു വിളിച്ചു വര്‍ത്തുന്നു, കാണാന്‍. അല്ല കാണിക്കാന്‍  എന്ന്
പറയുന്നതാണ് ശരി. കയ്യോടെ പയ്യനെ പിടിച്ചതു  അതിലെ വന്ന സീ ഐ  യും,പിടിച്ചു  വീട്ടില്‍
കൊണ്ടുവന്നപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അത്ഭുതം. ഇത്രയും നന്നായി
പഠിക്കയും, ആല്മീയകാര്യങ്ങിളില്‍ ഗൌരവമായി പങ്കെടുക്കയും ചെയ്യുന്ന ഈ
സഹപാഠികള്‍ ഇത്രയും പുരോഗമിച്ചു പോയതില്‍! ഇതിനൊക്കെ ഉത്തരവാദികള്‍
നമ്മള്‍ തന്നെ.
ഏറ്റവും കൂടിയ മൊബൈല്‍ ഫോണും മറ്റു ഗാട്ജെടുകളും  വാങ്ങി
വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് നിയന്ത്രണമില്ലാതെ കൊടുത്തു, അവരെ
നാശത്തിലേക്ക് നാം തന്നെ തള്ളി വിടുമ്പോള്‍ ഓര്‍ക്കുക, ഇത്രയും
സ്വാതന്ത്ര്യം കൊടുക്കണോ അതോ, നല്ല ഭാവി അവര്‍ക്ക് വേണമോ എന്ന്.
പണ്ട്  ബേണ്ണ്‍ ബ്രാ  എന്നാ സ്ത്രീ വിമോചകര്‍ ലോകത്തില്‍
സമത്വത്തിനുവേണ്ടി  ശബ്ദം ഉയര്‍ത്തിയത്‌ വലിയ തെറ്റൊന്നുമല്ല. പക്ഷെ  ആ
കാലഘട്ടതില്‍നിന്നും നാം എത്രയോ പുരോഗമിച്ചു. പക്ഷെ സ്ത്രീത്വത്തിനു
അപമാനം വരുത്തുന്ന ഇത്രയും  ഫെമിനിസം  വേണ്ടേ വേണ്ട, ആ ഫെമിനിസം അപകടം
തന്നെ .
 
സസ്നേഹം നിങ്ങളില്‍ ഒരുവള്‍
ലക്ഷ്മി ഗോപിനാഥ്

പുരമാറ്റം

വീട് വെച്ചിട്ട് വര്ഷം ഒന്നായി, മഴയത്ത് വെള്ളം ചോരും, വെയിലത്ത് ചൂടടിക്കും. ഈ അവസ്ഥയില്‍ നിന്ന് ഒന്ന് മാറി കിട്ടുവാന്‍ ഇത്രയും സമയം എടുത്തു. പറഞ്ഞു വന്നത് ജനകേസരിയുടെ കാര്യം തന്നെ. www.janakesari.com ഇവളെ ഒന്ന് സുന്ദരി ആക്കി പുതിയ വീട്ടില്‍ കേറ്റി താമസിപ്പിക്കണം എന്ന് ആഗ്രഹിച്ചിട്ടു തുടങ്ങിയിട്ട് കാലം കുറെ ആയി.

എങ്കിലും നമ്മുടെ സ്നേഹിതന്‍ സഖാവ് യദിയൂരപ്പ സ്വന്തം പുര മാറിയിട്ടേ ജനകേസരിയും മാറൂ എന്നൊരു വാശി ഉണ്ടായിരുന്നു. അടച്ചിട്ട നാല് ചുവരുകള്‍ക്കുള്ളിലേക്ക് ആ മോന്‍ താമസം മാറ്റി. അതുകൊണ്ട് ജനകേസരിയും പുതിയ നിറത്തോടും ഭംഗിയോടും കൂടി ഇതാ വീണ്ടും.
വീട് വെച്ചവന്‍ എല്ലാ താക്കോലുകളും കൈ മാറിയില്ലെങ്കില്‍ വേണ്ട മുറികളൊക്കെ തുറന്നു കയറുവാന്‍ പ്രയാസമാണ്. കൊള്ളിംഗ് ബെല്‍ അമര്‍ത്തുമ്പോള്‍ ബാത്ത്റൂമിലെ ലൈറ്റ് കത്തുന്ന ഒരു അവസ്ഥയിലാണ് ഞങ്ങളും. അതുകൊണ്ട് പുതിയ ജനകേസരിയിലെ അവിടെയും ഇവിടെയും ഉള്ള ലിങ്കുകളില്‍ ചുമ്മാതെ പിടിച്ചു ക്ലിക്കരുത്. ഇനി അഥവാ ക്ലിക്കിയാല്‍ വേറെ എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല.
ഇനി ഒരു കാര്യം കൂടി കട്ടുറുമ്പ് ഇമെയില്‍ വന്നില്ലല്ലോ എന്ന് പറഞ്ഞു കരയുന്നവര്‍ ധാരാളം. ഇവന്റെ ഇമെയില്‍ കാരണം ശല്യം സഹിക്കു വയ്യ എന്ന് വിചാരിക്കുന്നവര്‍ അതിലും കൂടുതല്‍. എല്ലാവരെയും സംപ്ത്രിതി പെടുത്തി കൊണ്ട് പോകുവാന്‍ ഒരു മാര്‍ഗമേ  ഉള്ളു. ഇത് പുതിയ കട്ടുറുമ്പ് ഇട്ടിട്ടുണ്ട്, വായിച്ചു സായൂജ്യം അടയുക മക്കളെ എന്നുള്ള എന്റെ അവസാനത്തെ ഇമെയില്‍ ആണ്.
അതുകൊണ്ട് കട്ടുറുമ്പ് വായിക്കണം എന്ന് വളരെ ആശ ഉള്ളവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ www.janakesari.com  തുറന്നു നോക്കുക. കുറഞ്ഞത്‌ ആഴ്ചയില്‍ രണ്ടെണ്ണം ഗാരന്റി. facebook -ല്‍ ചിലപ്പോള്‍ പുതിയ ഒരെണ്ണം ഇട്ടിട്ടുണ്ട് മക്കളെ, വായിച്ച് രസിക്കുക എന്ന് കണ്ടേക്കാം. അപ്പോള്‍ നിങ്ങള്‍ ഫെസ്ബുക്കില്‍ എന്നെ ഫ്രണ്ട്ണം.
വിശ്വ പ്രശസ്ത എഴുത്തുകാരനായ എന്നെ saju29 എന്ന വിലാസത്തില്‍ www.facebook .com  എന്ന വണ്ടിയില്‍ കാണാം.
അടിലൊരു കുറുപ്പ് കൂടി : പുളിച്ച തെറി വിളിച്ചതുകൊണ്ടാണ് അല്ലെങ്കില്‍ പുളിച്ച തെറി വിളി കേള്‍ക്കേണ്ടി വന്നത് കാരണം ആണ് മന്ത്രി കെ പി മോഹനന്‍ മുണ്ടി പൊക്കി കാട്ടിയതെന്ന് വായാടി പി സി ജോര്‍ജു പറഞ്ഞിരിക്കുന്നു. മലയാളിയുടെ ഒരു സ്ഥിരം സ്വഭാവം ആയി ഇതിനെ കാണാമെങ്കില്‍ അടുത്ത തവണ മീര ജാസ്മിനെ കാണുമ്പോള്‍ രണ്ടല്ല, കുറഞ്ഞത്‌ നാല് പുളിച്ച തെറിയെങ്കിലും ഞാന്‍ വിളിക്കും.

മനപ്പൊരുത്തം

എസ് പി

ഇക്കുറി ഒരു ചെറിയ മാറ്റം ആകാം. ഒരു അടിക്കുറിപ്പ് മത്സരം. താഴെ കാണുന്ന ഫോട്ടോയ്ക്ക് ഏറ്റവും നല്ല അടിക്കുറിപ്പ് എഴുതി അയക്കുന്ന ആളിന് കൈ നിറയെ സമ്മാനം. ഇനി എന്താണ് അടിക്കുറിപ്പ് എന്നറിയില്ലെങ്കില്‍ കുറെ സാമ്പിള്‍ വെടിക്കെട്ടുകള്‍ താഴെ കൊടുത്തിരിക്കുന്നു.

 

മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ അഭിവന്ദ്യ ക്ലീമിസ് കാതോലിക്ക ബാവയും മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപത്ത അധ്യക്ഷന്‍ ജോഷ്വ പിതാവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങള്‍.

ഒരാളുടെ ആസ്ഥാനം തിരുവനന്തപുരവും മറ്റൊരാളുടെത് മാവേലിക്കരയും ആണ്. ഈ സ്ഥലങ്ങള്‍ തമ്മില്‍ ഏകദേശം 100 കി മി ദൂരം ഉണ്ടെങ്കിലും ഇവരുടെ ആശയങ്ങള്‍ തമ്മില്‍ അത്ര ദൂരം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതായത് രണ്ടു പേര്‍ക്കും തമ്മില്‍ മനപ്പൊരുത്തം നല്ലവണ്ണം ഉണ്ട്.

ഇനിയും ഈ ഫോട്ടോ പകര്‍ത്തിയവാന്‍ പുലിയാണ്, വെറും പുലിയല്ല പുപ്പുലി. ഇതില്‍ ഏത് പിതാവാണ് ഈ ഫോട്ടോ എടുക്കുമ്പോള്‍ അഭിപ്രായം പറയുന്നത് എന്ന് നല്ല നിശയമില്ല.

മലങ്കര സഭയുടെ ഹെനൂരിലുള്ള സൈന്റ്റ്‌ മേരീസ് കാത്തോലിക് പള്ളിയുടെ പുതുക്കി പണിയുന്ന ആലയം വീക്ഷിക്കുവാന്‍ എത്തിയതാണ് രണ്ടു പേരും.

എന്തായാലും വെടിക്കെട്ടിലേക്ക് കടക്കാം.

‍ 1 . ഒരാള്‍ horizontal ആയി പോകണം എന്ന് പറയുമ്പോള്‍ മറ്റേ ആള്‍ vertical ആയി പോകണം എന്നായിരിക്കും പറയുന്നത്…എന്തായാലും രണ്ടു പേര്‍ക്കും നല്ല മനപ്പൊരുത്തം ഉണ്ട് എന്നാ കാര്യത്തില്‍ ഇപ്പോഴും സംശയം ഇല്ല.

2 . ഒരാള്‍ ഇടിച്ചു നിരത്തുവാന്‍ പറയുമ്പോള്‍ മറ്റേ ആള്‍ പൊക്കി കെട്ടുവാന്‍ പറയുകയായിരിക്കാം. അപ്പോഴും മനപ്പൊരുത്തം നല്ലവണ്ണം ഉണ്ട്.

3 . ഇനിയും ഒരാള്‍ സമാധാന പരമായി കാര്യങ്ങളെ വീക്ഷിക്കുവാന്‍ പറയുമ്പോള്‍, മറ്റേ ആള്‍ എടുത്തു പ്രതികരിക്കണം എന്നായിരിക്കും പറയുന്നത്. അപ്പോഴും മനപ്പൊരുത്തം…

4 . ഇനിയും ആനുകാലിക സംഭവങ്ങളെ പറ്റി ആണ് ഇവര്‍ സംസാരിക്കുന്നതെങ്കില്‍ ഒരാള്‍ കൈ പോയവന്റെ തലയും വെട്ടാന്‍ പറയുമ്പോള്‍ മറ്റൊരാള്‍ അവനെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരണം എന്നായിരിക്കും പറയുന്നത്. അപ്പോഴും മനപ്പൊരുത്തം…

5 . ഇനിയും തയ്യാറാക്കേണ്ട ഭക്ഷണം ആണ് വിഷയമെങ്കില്‍ ഒരാള്‍ ചപ്പാത്തി നല്ലവണ്ണം പരത്തിയതും കോഴിക്കറിയും മതിയെന്ന് പറയുമ്പോള്‍, മറ്റേ ആള്‍ പുട്ടും കടലയും മതിയെന്നായിരിക്കും പറയുന്നത്. അപ്പോഴും മനപ്പൊരുത്തം…

 

ഇനിയും അടിക്കുറുപ്പ്‌ എഴുതുമ്പോള്‍ കേന്ദ്ര കഥാ പാത്രങ്ങളെ തന്നെ ചുറ്റി പറ്റി ആകണം എന്ന് നിര്‍ബദ്ധം ഇല്ല. പാവം കേള്‍വിക്കാരെ പറ്റിയും ആകാം.

എങ്കില്‍ ഇടത്തെ അറ്റത് നിന്നും തുടങ്ങാം. ആദ്യം കഷണ്ടി ഉള്ള വ്യക്തി ചിന്തിക്കുന്നത്:

രണ്ടു പേരും എന്തോ പറയുന്നുണ്ട്. പക്ഷെ ഇത് എപ്പോള്‍ തീരുമെന്ന് മനസ്സിലാകുന്നില്ല.

അടുത്ത കണ്ണാടിക്കാരന്‍ ചിന്തിക്കുന്നത്:

പറഞ്ഞു തീര്‍ന്നാല്‍ ഉടന്‍ ഞങ്ങള്‍ അത് നടപ്പിലാക്കിയിരിക്കും. ഇനിയും കുറച്ചു കൂടി പറയൂ…

അടുത്ത വ്യക്തി ചിന്തിക്കുന്നത്:

എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോകട്ടെ, പണിയാനുള്ളത് ഞങ്ങള്‍ പണിയും.

ദൂരത്തേക്കു നോല്‍ക്കുന്ന അടുത്ത വ്യക്തി ചിന്തിക്കുന്നത്:

ഏത് ഭീകര ആക്രമണം ഉണ്ടായാലും ചെറുക്കുവാനായി വിദൂരങ്ങളിലേക്ക് നോക്കിയിരിക്കുന്ന പാവം, വെറുതെ വിട്ടേക്കാം.

അടുത്തത് വെള്ള ഷര്‍ട്ട്‌ ഇട്ട ചെറുപ്പക്കാരന്‍ ചിന്തിക്കുന്നത്:

ഈ പച്ച മരത്തണലില് നിന്ന് രണ്ടു പേര്‍ക്ക് ഒരേ അഭിപ്രായം പറയുവാന്‍ പറ്റുമെന്ന് ഇപ്പോഴാ മനസ്സിലായത്‌.

അടുത്തത് കഷണ്ടി ഉള്ള കണ്ണാടിക്കാരന്‍ ചിന്തിക്കുന്നത്:

രണ്ട് പേരും എന്തോ പറയുന്നുണ്ട്, പക്ഷെ ഒന്നും മനസ്സിലാകുന്നില്ല.

അടുത്തത് വളതെയറ്റം നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ചിന്തിക്കുന്നത്:

ഞാന്‍ ഈ നാട്ടുകാരനേ അല്ല.

അടിക്കുറുപ്പ്‌ എന്താണെന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് നല്ല അടിക്കുറിപ്പുകള്‍ എഴുതി katturumbu@janakesari.com എന്ന വിലാസത്തില്‍ അയക്കുക. ഏറ്റവും നല്ല അടിക്കുറുപ്പ്‌ അയക്കുന്ന വ്യക്തിക്ക് ഒരു നല്ല സമ്മാനം ഞങ്ങള്‍ വെച്ചിട്ടുണ്ട്.

ശരിക്കുള്ള മറ്റൊരു അടിക്കുറുപ്പ്‌: കേന്ദ്ര മന്ത്രി സഭയുടെ യോഗം തീഹാര്‍ ജയിലില്‍ കൂടേണ്ടി വരുന്ന കാലം വിദൂരമല്ലെന്ന് അദ്വാനി മഹാരാജാവ്. കര്‍ണാടകയിലെ BJP നിയമ സഭാ സാമാജികരുടെ യോഗം പല ജയിലുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തേണ്ടി വരുന്ന കാലവും വിദൂരമല്ല മോനെ മൊട്ട തലയാ… ‍