Monthly Archives: November 2011
ബ്ലാക്ക് ബുധനാഴ്ച
എസ് പി
ഇന്ത്യയില്‍ ഏറ്റവും താമസിക്കുവാന്‍ കൊള്ളാം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ട സ്ഥലത്തെ പ്രമുഖ സിനിമ തീയേറ്ററില്‍ കൃഷ്ണനും രാധയും കാണുവാന്‍ പോയി. പോയത് നാല് ദിവസം മുമ്പ് കണ്ട പത്ര പരസ്യം അടിസ്ഥാനം ആക്കിയാണ്.
സ്ഥലത്ത് എത്തിയപ്പോള്‍ ആണ് വിവരം അറിയുന്നത്, പണ്ടിറ്റിന്റെ കൃഷ്ണനും രാധയും പെട്ടി പൂട്ടി അന്നേ സ്ഥലം വിട്ടു പോലും. തുടര്‍ന്ന് 10 മിനിറ്റ് നീണ്ട പോര്. പോരില്‍ ഞാനും കൂട്ടരും തന്നെ വിജയിച്ചു, അല്ല വിജയിച്ചു എന്ന് സമാധാനിച്ചു. പരസ്യം കൊടുത്തിട്ട് ഒരാഴ്ചയ്ക്കകം എന്തിന് നിങ്ങള്‍ ഈ പടം മാറ്റി ?
ഒരു ദിവസം 4 ഷോ ഓടിച്ചു, ആകെ മൊത്തം ടോട്ടല്‍ 20 പേര്‍ കണ്ടു, അതില്‍ തന്നെ പകുതിയിലതികം പേര്‍ ഞങ്ങളെ തല്ലുവാന്‍ വന്നു. സാറേ മുട്ട് മടക്കി. അന്ന് തന്നെ ഫിലിം പെട്ടിയിലാക്കി തിരിച്ചയച്ചു.
പോരായോ ….ശരി നിങ്ങള്‍ക്ക് ആ പടത്തെ പറ്റി എന്താണ് അഭിപ്രായം ?
ഒരു കുന്തവും അറിയില്ല സാറെ, പക്ഷെ പടം കണ്ടവന്റെ അടി വാങ്ങിക്കേണ്ടി വരും എന്ന് ഉറപ്പ്.
രണ്ടു വര്‍ഷം ഒരു സിനിമാ പോലും കാണാതെ ഇരുന്ന എന്റെ ചാരിത്ര്യം ഇന്ന് നശിച്ചു. എടാ മൈനാഗമേ കൃഷ്ണനും രാധയും ഇല്ലെങ്കില്‍ ഉള്ളത് എടുക്കുക, അപ്പോഴാണ് സ്നേഹവീട് എന്നാ മോഹന്‍ലാല്‍ സിനിമ ആണ് അതെന്നു അറിയുന്നത്.
പടം കണ്ടു, ഒരുവിധം ഇഷ്ട്ടപ്പെട്ടു. എങ്കിലും സത്യത്തില്‍ ലാലേട്ടനോടും, സത്യന്‍ അന്ത്യക്കാടിനോടും ഒരു ചെറിയ ഉപദേശം , ദയവായി സിനിമയ്ക്ക് വേണ്ടി സിനിമ ഇറക്കരുത്. ഒരു ചെറിയ പ്രതീക്ഷ നിങ്ങളില്‍ ഉണ്ടായിരുന്നു. എല്ലാം നശിച്ചു, ഒരു കാശിനും കൊള്ളാത്ത സിനിമ.
ഒരു പക്ഷെ സന്തോഷ് പണ്ടിറ്റിന്റെ സിനിമ കണ്ടിട്ട് എന്തെങ്കിലും തമാശ എഴുതാമായിരുന്നു. ഇപ്പോള്‍ അതിനും പറ്റില്ല, ഒരു നിര്‍ജീവ സിനിമ കണ്ട ആവേശം.
രണ്ടു വര്‍ഷം ഞാന്‍ കാത്ത് സൂക്ഷിച്ച എന്റെ ചാരിത്ര്യം ആണ് ഇന്ന് നശിച്ചത് . രക്ഷപെടില്ല മക്കളെ നീ ഒന്നും രക്ഷപെടില്ല…
പേട്ട തുള്ളി, ഉണ്ണി മുങ്ങി
എസ് പി
ഈരാറ്റുപെട്ടയില്‍ 24 /11 /11 വ്യാഴാഴ്ച രാവിലെ 10 .10 ന് റിക്ടര്‍ സ്കയിലില്‍ 5 . 2 തീവ്രത കാട്ടിയ ഭൂമി ചലനം ഉണ്ടായി, 200 – ല്‍ അധികം ജനങ്ങള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചത്തെ പത്രങ്ങളെ പൊതിഞ്ഞു മൂടേണ്ട ഒരു വാര്‍ത്ത ആണ് ചീറ്റി പോയത്.
മാത്രവുമോ ചാനലുകളില്‍ ശിവനുണ്ണിയും കുറെ അതിഥികളും വാതോരാതെ ചര്‍ച്ച, ഇറച്ചി കടയില്‍ ഒളിച്ചിരുന്ന് ഭൂചലനത്തില്‍ നിന്നും രക്ഷപെട്ട ജോര്‍ജ് കുട്ടിയുടെ ഇനിയും ഭീതി മാറാത്ത അനുഭവങ്ങള്‍ , താന്‍ നല്‍കിയ പ്രത്യേക ജാഗ്രതാ നിര്‍ദേശം മൂലം മരണ സംഖ്യ കുറയ്ക്കുവാന്‍ കഴിഞ്ഞെന്ന ചീഫ് വിപ്പിന്റെ വീമ്പു പറച്ചില്‍ , സര്‍ക്കാരിന്റെ പിടിപ്പു കേടാണ് ഭൂചലനത്തിന് കാരണമായതെന്ന പാര്‍ട്ടി സെക്രട്ടറിയുടെ വിമര്‍ശനം, രക്ഷപെടുവാനായി ഒളിച്ചിരുന്ന വീട്ടില്‍ 65 കാരന്‍ 19 കാരിയെ പീഡിപ്പിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എല്ലാം ഉന്നം തെറ്റിയ വാണം പോലെ ആയി.
കോസ്മിക് രശ്മികളെ ആസ്പദമാക്കി ബേപ്പൂരിലെ ശിവനുണ്ണി പല ഭൂചലനങ്ങളും പ്രവചിച്ചിട്ടുണ്ട്, അതില്‍ മിക്കതും ശരിയുമായിട്ടുണ്ട്. അപ്പോള്‍ എന്തുകൊണ്ട് ഈരാറ്റുപെട്ട കാലു മാറി ? ഇതിന്റെ പിന്നിലെ രഹസ്യം കണ്ടു പിടിക്കുവാന്‍ അധികം മനക്കെടെണ്ടാതില്ല. സന്തോഷ് പണ്ടിറ്റിനോട് മറ്റു സിനിമാക്കര്‍ക്കുള്ള ‘സ്നേഹം’ തന്നെ ആണ് ഇവിടെയും സംഭവിച്ചത്. ഈരാറ്റുപെട്ടയില്‍ ഭൂമി ചെറുതായെങ്കിലും ഒന്ന് കുലുങ്ങി ഇരുന്നെങ്കില്‍ , കുറഞ്ഞപക്ഷം അടുക്കളയിലെ അരിപ്പാത്രം ഒന്ന് വിറച്ചു താഴെ വീണിരുന്നെങ്കില്‍ ശിവനുണ്ണി ആരായെനേം ? ബി ബി സി വരെ കുന്തോം പിടിച്ചോണ്ട് ശിവനുണ്ണിയുടെ വീടിന്റെ വാതുക്കല്‍ കാവല്‍ കിടന്നെനേം. ജപ്പാന്‍ പ്രധാനമന്ത്രി ശിവനുണ്ണിയെ അങ്ങോട്ട് വിളിപ്പിച്ചു അടുത്ത നൂറു വര്‍ഷം അവിടെയുണ്ടാകാന്‍ സാധ്യത ഉള്ള ഭൂചലങ്ങള്‍ തത്ത പറയുന്നതുപോലെ പറയിപ്പിച്ചിട്ടു കൈ നിറയെ യെന്‍ കൊടുത്തു വിട്ടെനേം.
കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷവും പാരിതിഷികം പ്രഖ്യാപിക്കുകയും, കൊണ്ഗ്രെസ്സ് വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, എന്ന പദവി പോലെ മിറ്റിരിയോളജിക്കല്‍ വകുപ്പിലെ കണ്സല്ട്ടന്റ്റ് ആയി ശിവനുണ്ണിയെ നിയമിക്കുകയും ചെയ്തെനേം.
മോനെ ദിനേശാ നീ അങ്ങനെ നെഞ്ച് വിരിച്ചു നടക്കേണ്ട, ഞങ്ങളൊക്കെ ഇവിടെ ഒരുത്തനും അറിയാതെ കിടക്കുമ്പോള്‍ നീ അങ്ങനെ ഷൈന്‍ ചെയ്യേണ്ട. നെഞ്ചുരുകി പ്രാര്‍ഥിച്ചു, ഈരാറ്റുപെട്ടക്കാര്‍ , മാത്രമല്ല തിരുവനന്തപുരത്തുകാരനും , കോഴിക്കോട്ടുകാരനും പ്രാര്‍ഥിച്ചു. ഈരാറ്റുപെട്ടകാരോടുള്ള പെരുത്ത സ്നേഹം കൊണ്ടൊന്നുമല്ല തിരുവനന്തപുരത്തുകാരനും , കോഴിക്കോട്ടുകാരനും പ്രാര്‍ഥിച്ചത് മറിച്ചു ലവന്റെ പ്രവചനം തെറ്റണം, അവനെ ആവും വിധം നാറ്റിക്കണം. ശിവനുണ്ണിയുടെ ശരിയായിട്ടുള്ള മുന്‍ പ്രവചനങ്ങള്‍ പരിശോധിച്ചാല്‍ അവയൊക്കെ ജില്ല കല്ലക്ടര്‍ , അല്ലെങ്കില്‍ ബന്ധപ്പെട്ട മേലധികാരികള്‍ എന്നിവരെ മാത്രമേ അറിയിചിട്ടുല്ലു. അല്ലാതെ ഇതുപോലെ എല്ലാ മലയാളികളുടെയും മുന്നില്‍ കെട്ടി ഘോഷിച്ചു നടന്നിട്ടില്ല.
അതുകൊണ്ട് ശിവനുണ്ണിയോടൊരു അഭ്യര്‍ത്ഥന ഇനിയും കേരളത്തില്‍ ഭൂചലനം ഉണ്ടാകും എന്ന് കോസ്മിക് രശ്മി എന്ന തത്ത പ്രവചിക്കുമ്പോള്‍ അത് എല്ലാ മലയാളിയോടും വിളിച്ചു പറയുക. അതുപോലെ ഇത് തമിഴ് നാട്ടില്‍ ഉണ്ടാകും എന്നാണ് തത്ത പറയുന്നതെങ്കില്‍ ഒരു മനുഷ്യനോടും പറയാതെ വീട്ടില്‍ കതകു അടച്ചു കിടന്നു ഉറങ്ങുക. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതുപോലെ അവിടെ ഭൂമി കുലുങ്ങുമ്പോള്‍ അവരറിയാതെ നമുക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ചു കുറയ്ക്കാം.
ഒരു മത മേധാവിക്ക് പോലും ജനങ്ങളെ ഇത്തരത്തില്‍ പ്രാര്‍ഥിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് സാധിക്കാത്തത് ശിവനുണ്ണിക്ക് സാധിച്ചു. എന്നാലും ശിവനുണ്ണിയോടൊരു ചോദ്യം : സ്വന്തം പ്രവചനം ശരിയാകുവാന്‍ വേണ്ടി താങ്കള്‍ പ്രാര്‍ഥിച്ചിരുന്നുവോ ?
അടിക്കുറിപ്പ് : ഈരാറ്റുപെട്ടയില്‍ ഭൂമി കുലുങ്ങി ഇല്ലെങ്കിലും ഡല്‍ഹിയില്‍ പവാറിന്റെ തല ചെറുതായൊന്ന് കുലുങ്ങി. എങ്കില്‍ ഹര്‍വീന്ദര്‍ അത്രയും കടന്ന കൈ ചെയ്യരുതായിരുന്നു. കുറഞ്ഞ പക്ഷം പ്രായത്തെ എങ്കിലും ബഹുമാനിക്കണമായിരുന്നു.
നന്മ നിറഞ്ഞവന്‍ സന്തോഷ് പണ്ഡിതന്‍
എസ് പി

ചില തീരുമാനങ്ങള്‍ മാറ്റാതെ നിവൃത്തി ഇല്ല, ഒരു മലയാള സിനിമ പോലും കാണില്ല എന്ന തീരുമാനം എടുത്തിട്ട് വര്ഷം രണ്ടായി. അത് കൃത്യമായി പാലിച്ചു പോന്നിരുന്നു. പക്ഷെ ഇവന്മാരൊക്കെ കൂടി എന്നെ മലയാള സിനിമ കാണിച്ചേ അടങ്ങൂ എന്നാണ് തോന്നുന്നത്. കൃഷ്ണയും രാധയും എന്തായാലും ഞാന്‍ കാണും. ഈ മുകളില്‍ കാണുന്ന മോന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇന്ന് ഈ ഭൂമി മലയാളത്തില്‍ രണ്ടു കോടി ജനങ്ങളെങ്കിലും പറയും ഇവന്‍ പണ്ഡിറ്റ് തന്നെ, സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ്.
പക്ഷെ ഈ താഴെ ഫോട്ടോയില്‍ കാണുന്ന ജോമോനെ കണ്ട് ആരെന്നു ചോദിച്ചാല്‍ മലയാളികളായ രണ്ടായിരം പേരെങ്കിലും ഉത്തരം ശരിയായി പറയുമോ എന്ന് സംശയം. ശരിക്കും ഈ മോനെ എനിക്ക് അറിയാമെങ്കിലും അവന്റെ പേര്‍ അറിയില്ല. പലരോടും പടം കാണിച്ചു പേര് ചോദിച്ചെങ്കിലും ഇതുവരെ തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ല. ലവളെ കെട്ടിയ ലവനല്ലേ ഇതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ , മറ്റൊരുവന്‍ പറഞ്ഞത് വേറെ ഏതോ പേരാണ്. ഇപ്പോഴും പേരെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലാതതിനാല്‍ മോനെ മാനനഷ്ട്ടതിന ദയവായി കേസ് കൊടുക്കരുത്.

പണ്ടിറ്റിനെ തല്ലിക്കുവാന്‍ എല്ലാ ചാനലുകളും ഈ ജോമോനെ പോലെ കുറെ പേരെ ഇറക്കിയിട്ടുണ്ട്. എവിടെല്ലാം ആരെല്ലാം തുണി പോക്കുന്നുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്തു നടക്കുന്ന റിപ്പോര്‍ത്ടര്‍ക്കാന് പണ്ടിറ്റിന്റെ നാക്കിന്റെ ബലവും മനസ്സിലായത്. ഇടത്തെ കൈ മേശയില്‍ താങ്ങി ചോദ്യശരങ്ങള്‍ എറിഞ്ഞു മറ്റുള്ളവരുടെ കുടുംബം കലക്കുവാന്‍ നടക്കുന്ന ഈ ചാനലുകാരന്‍ പണ്ടിറ്റിനോട് ചോദിക്കുന്നത് കേട്ടപ്പോള്‍ തോന്നിയത് ഇവന്‍ ഒരു ബുദ്ധി ജീവിയും പണ്ഡിറ്റ് ഒരു മണ്ട ബുദ്ധിയും ആണെന്ന്. എന്റെ പടം കണ്ടിട്ട് കംമെന്റ്സ് അടിക്കെടാ എന്നുള്ള പണ്ടിട്ടിന്റെ മറുപടി എനിക്കിഷ്ട്ടപ്പെട്ടു.
5 ലക്ഷം മുടക്കി നൂറിലധികം ആള്‍ക്കാരെ അഭിനയിപ്പിച്ചു കോടികള്‍ വാരുവാന്‍ കഴിവുള്ളവന്‍ എന്തായാലും ഒരു സാധാരണക്കാരന്‍ അല്ലെന്നു ഉറപ്പ്. അപ്പോള്‍ ബുദ്ധി ജീവികള്‍ എന്ന് പറയുന്ന മുകളിലത്തെ ജോമോനെപ്പോലുള്ളവര്‍ പണ്ടിറ്റിന്റെ മുകളില്‍ കുതറ കയറുന്നെങ്കില്‍ അതിന്റെ കാരണം, മറ്റൊന്നുമല്ല മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള കണ്ണ്കടി എന്ന രോഗമാണ്.
അമ്മ, അച്ഛന്‍, ഫെഫ്ക, ബെബ്ക തുടങ്ങി നൂറിലധികം സംഘടനകള്‍ ഉണ്ടാക്കി തമ്മില്‍ അടിച്ചു മലയാള ഫിലിം വ്യവസായം തന്നെ നശിപ്പിക്കുന്ന എല്ലാ ചെറ്റകള്‍ക്കും ഉള്ള മറുപടി ആണ് സന്തോഷ് പണ്ഡിറ്റ്. ജനം തീയേറ്ററില്‍ കയറുന്നത് സന്തോഷിനെ കൂകി വിളിക്കുവാന്‍ ആണെന്നാണ് കുറെ വായി നോക്കികള്‍ പറയുന്നത്. പിന്നെ കൈയ്യിലിരിക്കുന്ന കാശ് മുടക്കി വെല്ലവനെയും കൂകാന്‍ പോകുവാന്‍ പൊതു ജനത്തിന് എന്താ വട്ടാണോ ?
സിനിമ കാണുന്ന ആള്‍ക്കാരെ പല വിഭാഗത്തില്‍ പെടുത്താം. അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കണ്ടിട്ട് ഒന്നും മിണ്ടാതെ കഥ എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ മസ്സില് പിടിച്ച് നടക്കുന്ന ഒരു കൂട്ടം ബുദ്ധി ജീവികള്‍ ആണ് ഒരു കൂട്ടര്‍ . സൂപ്പര്‍ സ്റ്റാറുകളുടെ പടം ഇതു വന്നാലും കാണുന്നവര്‍ ആണ് മറ്റൊരു കൂട്ടര്‍ . അതിനിയും എത്ര ചവറ ആണെങ്കിലും ഇക്കൂട്ടര്‍ കണ്ടിരിക്കും. സില്‍ക്ക് സ്മിത, അനുരാധ, ഷക്കീല എന്നിവരുടെ പടങ്ങള്‍ കാണുന്നവര്‍ ആണ് മറ്റൊരു കൂട്ടര്‍ . പനി വന്നാല്‍ ഒരു മരുന്ന് പോലും കഴിക്കാത്തവര്‍ കാന്‍സറും ലൈംഗീക രോഗങ്ങളും എന്ന പടം പണ്ട് കാണുവാന്‍ പോയത് കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു എന്നറിയിവാന്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ പാറ്റുമോ ? അവരും ഈ മേല്‍പ്പറഞ്ഞ ഗണത്തില്‍ കൂട്ടാവുന്നവര്‍ ആണ്. അന്തിക്കാട്, ഫാസില്‍ , സിബി മലയില്‍ , ബ്ലെസി തുടങ്ങിയവരുടെ ചിത്രങ്ങള്‍ കാണുന്നവരാണ് മറ്റൊരു കൂട്ടര്‍ . ഈ വിഭാഗത്തില്‍ പെടുന്നവരെ ആരും ചീത്ത വിളിക്കുന്നില്ല, ഇത്തരം പടം നിര്‍മ്മിക്കുന്നവരെയും ആരും തെറി വിളിക്കുന്നില്ല.
പാവം പണ്ഡിറ്റ് ഒരു പടം നിര്‍മ്മിച്ചപ്പോള്‍ എല്ലാവനും അവനെ ചീത്ത വിളിക്കുന്നു, ആ പടം കാണുവാന്‍ പോകുന്നവരെ ആക്ഷേപിക്കുന്നു. പണ്ടൊക്കെ കഥ, തിരക്കഥ, സംവിധാനം, പിന്നെ കൂടിയാല്‍ ഒരു പാട്ട് കൂടി പാടുക ഇത്രയൊക്കെയേ ഒരാള്‍ ഒറ്റയ്ക്ക് ചെയ്യുന്നതായി കേട്ടിട്ടുള്ളൂ. ഇപ്പോഴിതാ ഒരു സിനിമയുടെ മിക്കവാറും എല്ലാ വിഭാഗവും ഒറ്റയ്ക്ക് ചെയ്യുക സോഡാ നാരിങ്ങ വെള്ളം ഉള്‍പ്പെടെ, കുറച്ചു അപാരം തന്നെ. സമ്മതിച്ചിരിക്കുന്നു സന്തോഷ് പണ്ഡിറ്റ്, ഞാന്‍ എണീറ്റ് നിന്ന് ഒരു സല്യൂട്ട് അടിക്കുന്നു. ഇനിയും താങ്കളെ ആരെങ്കിലും തെറി വിളിച്ചാല്‍ ഉടന്‍ തന്നെ കട്ടുറുമ്പ് അവനെ കടിച്ചിരിക്കും. ഒന്നുമല്ലെങ്കിലും താങ്കളും എസ് പി ഞാനും എസ് പി.
അടിക്കുറുപ്പ് : സച്ചിന്‍ നൂറില്‍ നൂറ് അടിച്ചാല്‍ നൂറ് സ്വര്‍ണ്ണ നാണയം. ഇന്ത്യ മുഴുവന്‍ അതിനായി കാത്തിരിക്കുന്നു. നൂറ് പോയിട്ട് ഒരു അറുപതെങ്കിലും അടിക്കുവാന്‍ കാശ് ഇല്ലാത്തവനെ തിരിഞ്ഞു നോക്കുവാന്‍ ഇവിടെ ഒരു പട്ടിയും ഇല്ല.
ജനാധിപത്യം… പുരുഷ പീഡനം
സ്ത്രീ പീഡനം എന്ന ശക്തിമത്തായ ഫോര്‍മുല കാട്ടി നമ്മള്‍ പെണ്ണുങ്ങള്‍ പുരുഷ വര്‍ഗത്തെ ഒരു പരിധി വരെ വിറപ്പിച്ചു നിര്‍ത്തിയിരിക്കയായിരുന്നുവല്ലോ .
സ്വന്തം ഭര്‍ത്താക്കന്മാരെയും , ഞരമ്പ് രോഗികളായ കുറെ സഹപ്രവര്‍ത്തകര്‍ മുതല്‍ മേല്‍ ഉദ്യോഗസ്ഥരെ വരെ നമ്മള്‍ ഈ ഉണ്ടയില്ലാ തോക്ക് ചൂണ്ടി നിലക്ക് നിര്‍ത്തിയിരുന്ന കാലം കഴിയാന്‍ പോകുന്ന പോലെ ഒരു തോന്നല്‍ പലര്‍ക്കും ഈയിടെ സംജാതമായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല കഴിഞ്ഞ ദിവസ്സം നട്ടെല്ലുള്ള (അതോ അണ്ടിക്കു ഉറപ്പുള്ളതോ എന്ന് വീ എസ് ചോദിക്കുന്നു ) കുറെ ആണ്‍ പ്രജകള്‍ അരയും തലയും മുറുക്കി , ഈ പെണ്ണുങ്ങളെ ഒരു പാഠം പടിപ്പിച്ചിട്ടെ ഉള്ളു എന്ന ഉറച്ച തീരുമാനവുമായി കോടതിയുടെ തിണ്ണ വരെ എത്തിയിരിക്കുന്നു .അതുകൊണ്ടായിരിക്കാമല്ലോ ഇന്നലത്തെ നമ്മുടെ ക്ലബ് മീറ്റിംഗില്‍ നമ്മുടെ പ്രധാന ചര്‍ച്ചാ വിഷയം ഇത് തന്നെ ആയതും . ആസ് യൂഷ്വല്‍ പരദൂഷണം പറഞ്ഞിരിക്കുന്ന നമ്മുടെ മാന്യ വീഐപീ കൊച്ചമ്മമാര്‍ വരെ , ഇത് വരെ ഫൂള്‍ പ്രൂഫ് എന്ന് കരുതി വെച്ചിരുന്ന ഫോര്മുലായിക്ക് ഇടിവ് തട്ടുമോ എന്ന് ഭയന്നിട്ടുമാവാം കാതും കൂര്‍പ്പിച്ചു ചര്‍ച്ചയില്‍ സജീവമായി പങ്കു ചേര്‍ന്നതും . പറയാനുള്ളത് നേരെ പറഞ്ഞാല്‍ ചിലര്‍ക്ക് ചൊറിച്ചില്‍ തോന്നിയേക്കാമെങ്കിലും , പലതും പറയാതിരിക്കാന്‍ വയ്യ . നമ്മുടെ ചര്‍ച്ചകളെ ക്രോദീകരിച്ചു , സ്വല്പം പോളിഷ് ചെയ്തു ഞാന്‍ പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ തീരെ പുരുഷ വിദ്വേഷി ആയിപ്പോവുകയില്ലേ .
ശക്തിമാനായ പുരുഷന്‍ തന്റെ കാര്യ സാധ്യത്തിനു വേണ്ടി മാത്രം അബലകളായ സ്ത്രീകളെ വളച്ചൊടിക്കുന്നത് സ്ത്രീപീടനം എന്ന് നാം പേര് ചൊല്ലി, നമുക്ക് പുരുഷന്മാരില്‍ ഇഷ്ടപ്പെടാത്തതെല്ലാം
അക്കമിട്ടു സ്ത്രീ പീഡന പട്ടികയില്‍ ചേര്‍ത്ത് വെച്ചിരിക്കയല്ലേ . ഇഷ്ടമില്ലാത്ത ഒരുവന്‍ നമ്മെ നോക്കി ചൂളം അടിച്ചത് മുതല്‍ കൈ വെച്ചത് വരെ എല്ലാം കോടതി ഭാഷയില്‍ കുറ്റകരമാകാം. ബലമുള്ള പുരുഷന്‍ വികാരത്തിനടിമപ്പെട്ടുപോകുംപോള്‍ സ്ത്രീയുടെ അറിവോ സമ്മതമോ കൂടാതെ കീഴ്പ്പെടുത്തി ബലാല്‍സംഗം എന്ന രേയ്പ് ചെയ്‌താല്‍ ക്രൂരവും , കടുത്ത ശിക്ഷാര്ഹവുമായ കുറ്റം തന്നെ .
ഇതേപോലെ ഒരു പുരുഷനെ കീഴ്പ്പെടുത്തി കാമപൂരണം നിര്‍വഹിക്കാന്‍ മനസ്സില്‍ താലോലിക്കുന്ന അഭിവാഞ്ചയുള്ള കുറെ സ്ത്രീകളും ഉണ്ടെന്നത് വാസ്തവമാണ് , പക്ഷെ സംഭവിക്കാന്‍ വളരെ അസാധ്യം .അതുകൊണ്ട് ഇതിനെ ആത്മ സംയമനം എന്ന് ആശയടക്കം അക്കൌണ്ടില്‍ പെടുത്താം.
· ശാരീരികമായി അടിച്ചോ , കുത്തിയോ മുറിവ് ഏല്പിക്കുന്നത് മാത്രമല്ല , ക്രൂരമായ പരിഹാസ്സ വാക്കുകള്‍ കൊണ്ടും ഒരു പുരുഷനെ മുറിവ് എല്പിക്കാം . അവന്റെ ഈഗോ
ഇപ്പോഴും ഹൈ ലെവലില്‍ തന്നെ നില്‍ക്കണമെന്ന് അവനു നിര്‍ബന്ധമുണ്ട് , അതിനു പോറല്‍ ഏല്പിച്ചാല്‍ അവന്‍ സഹിക്കില്ല , അതും ഒരു പുരുഷ പീഡനം തന്നെ.
· പരസ്യമായി തന്റെ ഭര്‍ത്താവ് ഒന്നിനും കൊള്ളാത്തവന്‍ എന്ന് ധാരണ ഉണ്ടാകുന്ന രീതിയില്‍ സ്ത്രീയെ നീ വായ് തുറന്നാല്‍ ..അതും ഒരു പുരുഷ പീഡനം തന്നെ.
· തൊട്ടതിനും പിടിച്ചതിനും ഒക്കെ കൂടെ തുണയായി ജീവിക്കുന്ന ഈ പുരുഷനാണ് കുറ്റക്കാരന്‍ അട്ടഹസ്സിച്ചുകൊണ്ടിരുന്നാല്‍ ..അതും ഒരു പുരുഷ പീഡനം തന്നെ.
· തന്റെ കുട്ടികളുടെ മുന്‍പില്‍ , താന്‍ വെറും യൂസ് ലെസ്സ് ആണെന്ന് അവരുടെ അച്ഛനെ കുറ്റപ്പെടുത്തിയാല്‍ , പലപ്പോഴും ഭര്‍ത്താവ് പ്രതികരിക്കാത്തത് , പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടല്ല , എന്നറിയാതെ വീണ്ടും കുരച്ചോണ്ട് ചെല്ലുന്നതും ഒരു പുരുഷപീഡനം തന്നെ.
· സ്വന്തക്കരോടും ഫ്രെണ്ട്സിനോടും വല്ല്യ സ്വീറ്റ് ആയിട്ട് സംസാരിക്കുന്ന വീട്ടുകാരത്തി സ്വന്തം ഭര്‍ത്താവിനോട് എപ്പോഴും ശത്രുവിനോടെന്നപോലെ മാത്രം ധിക്കാരമായി ഇട പെടുന്നതും ഒരു പുരുഷ പീഡനം തന്നെ.
· സംശയ രോഗം ബാധിച്ചു, പരസ്പരം വിശ്വാസം ഇല്ലെങ്കില്‍ കാരണങ്ങള്‍ നമ്മള്‍ താനേ കണ്ടുപിടിക്കും .മോന്തായം വളഞ്ഞാല്‍ ഉത്തരവും വളഞ്ഞു ഒടിയും, ഇതറിയാതെ പുരുഷനോട് ഇടഞ്ഞാല്‍ അതും ഒരു പുരുഷ പീഡനം തന്നെ.
· ഭര്‍ത്താവിനെതിരെ കേസ് കൊടുത്തിട്ട് തിരികെ വന്നാല്‍ ആ ദാമ്പത്യത്തിനു പിന്നെ വല്ല സുഖവുമുണ്ടോ? അങ്ങിനെ ഭയപ്പെടുത്തിയിട്ടു ഓരോ പുരുഷനെ നമ്മുടെ വഴിക്ക് കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ .. അതും ഒരു പുരുഷ പീഡനം തന്നെ.
ഇങ്ങനെ എത്ര എത്ര ചെറുതും വലുതുമായ പീഡനങ്ങള്‍ പുരുഷനും എതിരെ?. ഈ ജനാധിപത്യ രാജ്യത്ത് ആണ്പ്രജകള്‍ക്കും കുറെ ഒക്കെ ന്യായവും നീതിയും അവകാശപ്പെട്ടതല്ലേ, സഹോദരിമാരെ? നമുക്കും സ്വല്പം ക്ഷമിച്ച്ചുകളയാം.
ഇങ്ങനെ പോയാല്‍ നമ്മുടെ നാട്ടിലെ പഴയ സുഖമുള്ള പുരുഷ സ്ത്രീ ബന്ധങ്ങള്‍ക്ക് യാതൊരു കെട്ടുറപ്പും ഇല്ലാതാവും. അത് വേണമോ എന്ന് നാം പുന ചിന്തനം ചെയ്യാന്‍ ഇനിയും താമസം അരുതേ. (എന്റെ കഴിഞ്ഞ ചിന്ത ഇതേ വിഷയത്തിലായിരുന്നല്ലോ, “ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ.” അതിനെതിരെ പ്രതികരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ അത് നല്ല ചിന്തയായിരുന്നു എന്നെഴുതിയത് എന്നെ വളരെ ഉത്തേജിപ്പിച്ചു എന്ന് പ്രത്യേകം പറയട്ടെ.)
വല്ലപ്പോഴും ചെകിട്ടത്ത് ഒരു അടി ഇരന്നു വാങ്ങിയിട്ട്, പീഡനം എന്ന ഓലപ്പാമ്പ് നമ്മള്‍ സ്ത്രീകള്‍ കാട്ടുന്നതിനേക്കാള്‍ വിനാശകരമാവാം,
ആണ്‍ ഒരുമ്പെട്ടു പുരുഷ പീഡനം നിയമത്തിലൂടെ നമ്മുടെ സമൂഹത്തില്‍ ഒരു ചോദ്യ ചിഹ്നം ആക്കിയെടുത്താല്‍!
ചിന്തിക്കുക, പ്രതികരിക്കുക ഈ ആര്‍ട്ടിക്കിള്‍ വായിച്ചതിനോട് മാത്രം..
നിങ്ങളില്‍ ഒരുവള്‍
ലക്ഷ്മി ഗോപിനാഥ്
കൊന്നൊടുക്കണം എല്ലാത്തിനെയും
എസ് പി
പാവപ്പെട്ടവരെ സഹായിക്കും. ആദിവാസികളെ സഹായിക്കും, മറ്റു സാമൂഹ്യ സേവനങ്ങള്‍ നടത്തും. രോഗികളെ ശുശ്രൂഷിക്കും, ഭക്ഷണം ഇല്ലാത്തവന് ഭക്ഷണം കൊടുക്കും, വിദ്യ ഇല്ലാത്തവന്റെ മക്കള്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കും. ചുരുക്കി പറഞ്ഞാല്‍ ഒന്നും ഇല്ലാത്തവന്റെ ജീവിതത്തില്‍ ഇത്തിരി പ്രകാശം പകരും.
ലോകത്തെ ഏറ്റവും ക്രിമിനല്‍ കുറ്റങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നവരെ കുത്തി കൊലപ്പെടുത്തണം, അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണം.
ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാതെ വല്ലവനെയും കൊള്ള അടിച്ചോ, അല്ലെങ്കില്‍ മോഷ്ടിച്ചോ, അതുമല്ലെങ്കില്‍ ഭിക്ഷ തെണ്ടിയോ ജീവിച്ചു കൂടെ ഇവറ്റകള്‍ക്ക് ?
സിസ്റ്റര്‍ . വല്‍സാ ജോണിന് പറ്റിയത് ഇത് തന്നെ. മുമ്പ് പറഞ്ഞ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തു. അതിനു നാട്ടുകാര്‍ മാന്യമായ ശിക്ഷയും കൊടുത്തു. കല്യാണം കഴിച്ചു നല്ല മാന്യമായി ജീവിക്കുന്നതിനു പകരം നാട്ടുകാരെ സഹായിക്കുക എന്ന കുറ്റം ചെയ്തതിന് ഏതാണ്ട് അതേ നാട്ടുകാര്‍ തന്നെ നല്‍കിയ സംഭാവന.
ഇനിയും സഹായം ചെയ്യുവാന്‍ പോയതോ…, ജനിച്ച നാട്ടില്‍ അല്ല, മറിച്ച് മറ്റൊരു നാട്ടില്‍ , പോരായോ പൂരം. അനുഭവിച്ചോ…റാണി മരിയയും മറ്റുള്ളവരും അനുഭവിച്ചത് കണ്ടിട്ടും പഠിച്ചില്ല. അവനവന്‍ ചെയ്യുന്നതിന്റെ ശിക്ഷ അവന്‍ താന്‍ അനുഭവിക്കും.
അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഞങ്ങളുടെ ഹസാരയ്ക്ക് ഇതൊന്നും ശ്രദ്ധിക്കുവാന്‍ സമയമില്ല. അഴിമതിയ്ക്കെതിരെ തീര്‍ത്ഥാടനം നടത്തുന്ന ഞങ്ങളുടെ അദ്വാനി സാറിനും ഈ പീറ വിഷയത്തില്‍ ശ്രദ്ധിക്കുവാന്‍ സമയമില്ല.
ഇന്ത്യയുടെ ഭാവി എന്ന് വിശ്വസിച്ച് കാത്തിരിക്കുന്ന രാഹുല്‍ ജി യ്ക്കും ഇപ്പോള്‍ സമയമില്ല, കാരണം യു പി പിടിയ്ക്കണം.
കാരറ്റോ, ക്ഷമിക്കണം കാരാട്ടോ, പിണറായിയോ, മറ്റേ പീഡന സ്പെഷിലിസ്റ്റോ ഇതിലൊന്നും ഇടപെടില്ല, കര്ര്യം സിമ്പിള്‍ … എന്തോന്ന് രാഷ്ട്രീയ നേട്ടം???
പിന്നെ ഇതിനൊക്കെ പ്രതികരിക്കുവാന്‍ ആര്‍ക്കാ സമയം…ആര്‍ക്കുമില്ല.
പിന്നെ സി ബി സി ഐ എന്ന് പറയുന്ന പ്രസ്ഥാനം കുറെ പ്രസ്താവനകള്‍ ഇറക്കും, അത് മാത്രമാണ് അവരുടെ ജോലി. കറങ്ങുന്ന കസേരയില്‍ ഇരുന്ന് പിന്നെയും കറങ്ങി ഓരോ കന്യാസ്ത്രീയും കാട്ടാളന്‍മാരാല്‍ വെട്ടേറ്റ്, കുത്ത് കൊണ്ട് പിടഞ്ഞു വീഴുമ്പോള്‍ ഒരു പ്രസ്താവന, അല്ലെങ്കില്‍ പ്രതിഭാ ദേവി സന്ദര്‍ശനം, അതുമല്ലെങ്കില്‍ ഒരു സോണിയാ ദേവി സന്ദര്‍ശനം, അതോടെ തീര്‍ന്നു. പിന്നെയും കാത്തിരിക്കും ഒരു റാണി മറിയയ്ക്ക് വേണ്ടി, അല്ലെങ്കില്‍ മറ്റൊരു വല്‍സാ ജോണിന് വേണ്ടി.
അടിക്കുറിപ്പ് : ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്ന ക്രസ്ത്യന്‍ സഹോദരങ്ങള്‍ ഒന്ന് മനസ്സുരുകി പ്രാര്‍ത്തിക്കുവാന്‍ സമയം കഴിഞ്ഞിരിക്കുന്നു. നീയെന്തേ വരുവാന്‍ വൈകുന്നൂ എന്ന്.
ബ്ലോഗ്പാല്‍ ബില്‍ ഉടന്‍ പാസ്സാക്കുക
എസ് പി
ഇതിനെ മറ്റുള്ളവന്റെ ബിസിനസ് മേഖലയിലേക്കുള്ള കടന്നു കയറ്റം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. വലിയ മുതലാളി വന്നു റീട്ടയില്‍ കട തുടങ്ങി പാവപ്പെട്ട ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്യുന്നവന്റെ പള്ളയ്ക്കു അടിക്കുന്നതുപോലെ. വേണമെങ്കില്‍ ഇങ്ങനെയും പറയാം, ഉള്ള കഞ്ഞിയില്‍ പാറ്റ ഇടുന്ന സ്വഭാവം.
മൂന്ന് ദിവസം മുമ്പ് എന്നും ഞാന്‍ നമ്പര്‍ 1 എന്ന് പറഞ്ഞു നടക്കുന്ന മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. ഇതിനെ വാര്‍ത്ത എന്നല്ല വിളിക്കേണ്ടത്, കോമഡി എന്ന് വിളിക്കേണ്ടത് . ഞങ്ങള്‍ കാശ് മുടക്കി പത്രം വാങ്ങിക്കുന്നത് നിങ്ങളടെ കോമഡി വായിക്കാനല്ല, പകരം ചൂടുള്ള വാര്‍ത്തകള്‍ വായിക്കാനാണ്. പീഡനം, പി സി ചൊല്ലുകള്‍ , ഈ മാസം എത്ര ഹര്‍ത്താല്‍ , സദാചാര പോലീസുകാര്‍ ഇന്നെത്ര പേരെ കൊന്നു തുടങ്ങിയവ വായിക്കുവാനാണ്. അതുകൊണ്ട് കട്ടുറുമ്പിനെ കോപ്പി അടിച്ചു കോമഡി എഴുതി പിടിപ്പിക്കരുത്. ഇത്തരം കോമഡി ഓണ്‍ലൈന്‍ ആയി എഴുതി പോസ്റ്റ് ചെയ്യുവാന്‍ ഇവിടെ ഞങ്ങള്‍ കുറെ ബ്ലോഗ്ഗേര്‍സ് ഉണ്ട്. ഞങ്ങളുടെ പാടത്ത് വന്ന് കൃഷി ഇറക്കരുത്.
ഇത്തരം കടന്നു കയറ്റങ്ങള്‍ക്കും എതിരെയും, അവശ കലാ വിഭാഗത്തില്‍ പെടുത്താവുന്ന ബ്ലോഗ് എഴുതുന്ന ഞങ്ങളുടെ നിരവധി ആവശ്യങ്ങള്‍ സാധിച്ച് കിട്ടുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍പില്‍ ഞങ്ങള്‍ ബ്ലോഗ്പാല്‍ ബില്‍ സമര്‍പ്പിക്കുന്നു. ഈ ബ്ലോഗ്പാല്‍ ബില്‍ ഒരു മാസത്തിനകം പാസ്സാക്കിയില്ലെങ്കില്‍ കുണ്ടറ മൈതാനത്ത് ഞാന്‍ നിരാഹാര സമരം തുടങ്ങും എന്ന് അറിയിക്കുന്നു.
ബ്ലോഗ്പാല്‍ ബില്ലിലെ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു :
1 . ഒരു ദിനപ്പത്രവും കോമഡി എഴുതുവാന്‍ അനുവദിക്കരുത്. അഥവാ അങ്ങനെ എഴുതിയാല്‍ ആ പത്രം നിരോധിക്കണം.
2 . എല്ലാ ബ്ലോഗ്ഗേര്‍സിനും പെന്‍ഷന്‍ അനുവദിക്കുക. കോമഡി ചുവയുള്ള ബ്ലോഗ് എഴുതുന്നവര്‍ക്ക് പെന്‍ഷന്‍ കൂടാതെ എല്ലാ മാസവും കുറഞ്ഞത് 5000 രൂപ ഉള്ള കടങ്ങള്‍ വീട്ടുവാന്‍ കടാശ്വാസം നല്‍കുക.
3 . നിരവധി കോണുകളില്‍ നിന്നും ഭീഷണി നേരിടുന്നവര്‍ ആണ് ബ്ലോഗേര്‍സ്. അതുകൊണ്ട് ബ്ലോഗേര്‍സിനെ വിരട്ടുന്നവനെ കുറഞ്ഞത് 25 വര്‍ഷം എങ്കിലും തുറങ്കലില്‍ അടക്കുക്ക. കഴിയുമെങ്കില്‍ ജയരാജന്റെ സെല്ലില്‍ തന്നെ അവരെ കിടത്തുക, പിന്നെ അവന്‍ ഭീഷണി പോയിട്ട് വായ് പോലും തുറക്കില്ല.
4 . എല്ലാ ബ്ലോഗേര്‍സിനും ബസ്സിലും ട്രെയിനിലും സൌജന്യ യാത്രയ്ക്കുള്ള പാസ് അനുവദിക്കുക.
5 . ബ്ലോഗേര്‍സിന്റെ മക്കളുടെ വിദ്യാഭാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
6 . പോസ്റ്റുകള്‍ പോസ്റ്റാനായി സൌജന്യ സെര്‍വര്‍ സ്പേസ് നല്‍കുക .
7 . ബ്ലോഗേര്‍സിന് BSNL വഴി സൌജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക.
8 . ബ്ലോഗ് വായിച്ചിട്ട് കമന്റ്സ് എഴുതാത്തവരില്‍ നിന്നും പിഴ ഈടാക്കുക. ഈ പിഴ ഓണ്‍ലൈന്‍ വഴി ബ്ലോഗ് എഴുതിയ ആളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക.
9 . ഏറ്റവും നല്ല ബ്ലോഗിനുള്ള അവാര്‍ഡ് എല്ലാ വര്‍ഷവും നല്‍കുക. അവാര്‍ഡ് തുക കുറഞ്ഞത് 5 ലക്ഷം എങ്കിലും ആക്കുക.
10 . ഭൂലോക മലയാളി ബ്ലോഗേര്‍സ് അസോസ്സിയേഷന് കെട്ടിടം പണിയുവാന്‍ പാരീസിലോ, കാലിഫോര്‍ണിയായിലോ എങ്ങനെയെങ്കിലും കുറെ സ്ഥലം ഒപ്പിച്ചു തരുക.
എന്ന് മലയാളി ബ്ലോഗേര്‍സ് അസോസ്സിയേഷന് വേണ്ടി
എസ് പി










