Monthly Archives: January 2012

ഓര്‍മ്മക്കുറിപ്പ്‌

എസ് പി

ഞങ്ങള്‍ തീറ്റിപ്പോറ്റിയിരുന്ന ഒരു പറ്റം പുലികള്‍ ഇക്കഴിഞ്ഞ ദിവസം കങ്ങാരുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ഈ വനത്തില്‍ കയറിക്കൂടിയ പല കടുവകളെയും , ആനകളെയും വീഴ്ത്തിയിട്ടുള്ള പുലികള്‍ക്ക് മറ്റ് വനങ്ങളില്‍ പോകുമ്പോള്‍ ഇത്തരം ദയനീയ മായ ഒരു അന്ത്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ആദ്യ ആക്രമണത്തില്‍ പരുക്കേറ്റപ്പോള്‍ അത് ഒറ്റപ്പെട്ട ഒന്നായി മാത്രമേ ഞങ്ങള്‍ കരുതിയുള്ളു. ഇനിയൊരു ആക്രമണം ഉണ്ടായാല്‍ ശക്തംമായി തിരിച്ചടിക്കും എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ രണ്ടാമത് ഉണ്ടായ ആക്രമണം ആദ്യത്തേതില്‍ നിന്നും വ്യത്യസ്തവും തികച്ചും ഭീകരത ഉളവാക്കുന്നതും ആയിരുന്നു. 99 വന്യ മൃഗങ്ങളെ കൊന്നൊടുക്കിയ ഞങ്ങളുടെ രാജാവ് നൂറാമത്തെ ജീവിയെ കൊല്ലുന്നത് കാണുവാന്‍ കൊതിച്ചിരിക്കുക ആയിരുന്നു ഞങ്ങളില്‍ പലരും. പക്ഷെ ആദ്യ രണ്ടു ആക്രമണങ്ങളില്‍ സാരമായ പരുക്ക് പറ്റിയ പുലികള്‍ക്ക് പിന്നീട് ഇക്കാര്യം മറന്നു കൂടുതല്‍ പരുക്കേല്‍ക്കാതെ എങ്ങനെ പിടിച്ചു നില്‍ക്കാം എന്നായി ചിന്ത.

കുറെ നാള്‍ മുന്‍പ് ബ്രിട്ടീഷ്‌ വനത്തില്‍ വെച്ച് തുടരെ കിട്ടിയ നാല് ബോംബ്‌ ആക്രമണത്തേക്കാള്‍ ഭീകരമായ അടികള്‍ ആയിരുന്നു ആദ്യ രണ്ടു ആക്രമണത്തിന് ശേഷം മനസ്സില്‍ കൂടി കടന്നു പോയത്. സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോള്‍ കുടുംബക്കാര്‍ കലഹിക്കുന്നത് പോലെ, പൊതിരെ തല്ലു കിട്ടിയപ്പോള്‍ ഞങ്ങളുടെ പുലികളും ചെറിയ തമ്മില്‍ തല്ലു തുടങ്ങി. ഇത് കങ്ങാര് പത്രങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചു.

അങ്ങനെ മൂന്നാമത്തെ വേട്ടയാടല്‍ ആരംഭിച്ചപ്പോള്‍ ചെറിയ ഒരു പ്രതീക്ഷ ഞങ്ങള്‍ നില നിര്‍ത്തിയിരുന്നു. അഞ്ചു ദിവസത്തെ ധ്യാനം, ഇതുവരെ കിട്ടിയ അനുഗ്രഹം മതിയേ, അതുകൊണ്ട് മൂന്നാമത്തെയോ നാലാമത്തയോ ദിവസം അവസാനിപ്പിക്കുന്നതുപോലെ ഉള്ള അനുഭവം ആയിരുന്നു ഈ യുദ്ധത്തിലും. എന്തിനും ഏതിനും വെറുതെ കിടന്നു കൂകുകയും തല്ലു കിട്ടുമ്പോള്‍ കരയുകയും ചെയ്യുന്ന ഒരു പുലിയെ ഈ യുദ്ധത്തിനു വിട്ടിട്ടില്ലായിരുന്നു. പക്ഷെ ആ കുറവ് നികത്തുവാന്‍ മറ്റൊരു പുള്ളിപ്പുലി കൂട്ടത്തില്‍ ഉണ്ടായിരുന്നു. തപ്പിയും തടഞ്ഞും എതിരാളികളെ നൂറു അടി അടിച്ചപ്പോള്‍ കൈയില്‍ ഇരുന്ന കോല്‍ എടുത്തു എന്തെക്കയോ കാട്ടുന്നുണ്ടായിരുന്നു. അംഗം ജയിച്ച ഭാവം ആയിരുന്നു ആ മുഖത്ത്. പക്ഷെ അതിന്റെ രണ്ടു ദിവസം കഴിഞ്ഞു അതിലും വലിയ തല്ലു വാങ്ങി വാലും മടക്കി എല്ലാം കൂടി പവലിയനില്‍ ഓടി ഒളിച്ചു.

ആദ്യ മൂന്ന് ആക്രമണത്തിലും തകര്‍ന്നു പോയ ഞങ്ങളുടെ പുലികളുടെ മനസ്സ് കുഞ്ഞുന്നാളില്‍ ചേച്ചിമാര്‍ തുളസിത്തറയില്‍ വിളക്ക് വെയ്ക്കുന്ന കാലത്തേക്ക് മടങ്ങിപ്പോയി. മഴ ദേവതയെ എങ്ങനെ എങ്കിലും ഒന്ന് കനിയേണമേ എന്ന്. പക്ഷെ കങ്ങരുക്കളുടെ നാട്ടില്‍ പോകുവാനുള്ള എമിഗ്രേഷന്‍ ശരിയാകാതെ മഴ ദേവത ചിലിയില്‍ കുടുങ്ങി കിടക്കുക ആയിരുന്നു.

അങ്ങനെ നാലാമത്തേതും അവസാനതെതുമായ യുദ്ധ ദിനം എത്തി. ആദ്യ രണ്ടു ദിവസത്തെ പോക്ക് കണ്ടപ്പോള്‍ തന്നെ ഇതിന്റെ ഗതിയും ഏതാണ്ട് മനസ്സിലായിത്തുടങ്ങി. ഒരാളിനെ കൊന്നതിനു ശേഷം അയാളുടെ ദേഹത്ത് മൂത്രം ഒഴിച്ച് വെയ്ക്കുന്ന സ്വഭാവക്കാര്‍ ആയിരുന്നു കങ്ങാരുക്കള്‍ മുന്‍കാലങ്ങളില്‍ . പക്ഷെ എന്തൊരു മാറ്റം ??? മൃതദേഹത്തിന് സല്യൂട്ട് അടിക്കും പോലെ, വിശ്വസിക്കാന്‍ വയ്യ. മാരത്താണ്‍ ഓട്ടത്തില്‍ വിജയിക്കുവാന്‍ 200 അടി മാത്രം കൂടി മതിയെന്നുള്ള അവസ്ഥയില്‍ രണ്ടു കിലോമീറ്റര്‍ പുറകില്‍ ഓടി വരുന്ന രണ്ടാമനെ ഒന്ന് കണ്ടിട്ട് ബാക്കി ഓടാം എന്ന് കരുതി കൊക്ക കോള കുടിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ താരത്തെപ്പോലെ, കങ്ങാരുക്കളുടെ പ്യൂണ്‍ , സോറി ക്ലാര്‍ക്ക് പെരുമാറിയപ്പോള്‍ അത് തന്ന ആശ്വാസത്തിന് കണക്കില്ലായിരുന്നു. ഫോളോ ഓണ്‍ ചെയ്യിക്കാതെ കാട്ടിയ അഭ്യാസം ഇന്നിങ്ങ്സ് തോല്‍വി എന്നാ നാണക്കേടില്‍ നിന്നും തലയൂരുവാന്‍ സഹായിച്ചു.

ഇനിയെന്ത് ?????????????? സീനിയര്‍ പുലകള്‍ കളം ഒഴിയണം എന്ന് ചിലര്‍ പറയുമ്പോള്‍ ക്യാപ്റ്റന്‍ പുലി മാറിക്കൊടുക്കണം എന്ന് മറ്റു ചിലര്‍ പറയുന്നു. ഇനി ആര് മാറിയാലും ആര് മാറിയില്ലെങ്കിലും ഒരാള്‍ മിക്കവാറും പണി നിറുത്തുവാന്‍ തികഞ്ഞ സാധ്യത ഉണ്ട്. ഈ പുലി – കങ്ങാരു പോരാട്ടത്തിനു സാക്ഷ്യം വഹിച്ച വ്യക്തി. മൂപ്പരുടെ രണ്ടു കയ്യും അനക്കുവാന്‍ പറ്റാത്തതുപോലെ വേദന. വൈഡിന് കൈകള്‍ ഇരു വശത്തേക്കും, വിക്കറ്റിനു ഒരു കൈ മുകളിലോട്ടും പൊക്കി പൊക്കി ആണ് പാവത്തിന് ഈ ഗതി വന്നതെന്നാണ് ബി ബി സി യുടെ വടക്ക് കിഴക്കന്‍ റിപ്പോര്‍ട്ടര്‍ w . k . u . ശശി പറയുന്നത്.

വീക്ഷണം

ആധാര്‍ കാര്‍ഡ് ഇനി പ്രവാസികള്‍ക്കും

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പ്രക്രീയയില്‍  പ്രവാസികള്‍ക്കും  ഇനി ഇടം ലഭിക്കുന്നു. ജയ്പൂരില്‍ സമാപിച്ച പ്രവാസീ ഭാരതീയ ദിവസ് കേരള സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി തന്റെ പ്രസ്താവനയില്‍, കേന്ദ്ര ഗവര്‍മെന്റ് ഇതിനായി അംഗീകാരം നല്‍കിയതായി അറിയിച്ചു. വോട്ടവകാശത്തോടോപ്പം ആധാര്‍ കൂടി ലഭിച്ചാല്‍ സാധാരണ ഇന്ത്യന്‍ പൌരനുള്ള എല്ലാ അവകാശാധികാരങ്ങളും പ്രവാസ്സികുള്‍ക്കും ലഭിക്കുന്നുവെന്നത് വലിയൊരു നേട്ടമാണ്.

പ്രവാസികളുടെ സമ്പാദ്യം, യാതൊരു ശ്രമവുമില്ലാതെ കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന വലിയൊരു സമ്പത്തും നിക്ഷേപങ്ങളുമാണ്. കഴിഞ്ഞ വര്ഷം അമ്പതിനായിരം കോടി രൂപയാണ് പ്രവാസ്സീ മലയാളികള്‍ മുഖേന നാട്ടിലെത്തിയത്. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നില്‍ കൂടുതലാണിത്. ഈ പണമൊഴുക്ക് എക്കാലവും തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ല . പുനരധിവാസ്സ പദ്ധതികല്‍ക്കൊപ്പം , വലിയ പ്രവാസ്സീ ബിസിനെസ് സംരംഭങ്ങള്‍ കേരളത്തില്‍ ഉണ്ടാകണം. പണവും അനുഭവസമ്പത്തും മികച്ച മാനവവിഭവ ശേഷി ഉണ്ടായിട്ടും , കേരളത്തിന്റെ വികസ്സനതിന്റെ ഗതിവേഗം കുറവായിരിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം. കേരളത്തില്‍ അടിസ്ഥാന സൌകര്യ മേഖലയില്‍ നിക്ഷേപം നടത്താന്‍ പ്രവാസ്സീ മലയാളികള്‍ ഒരുക്കമാണ് എങ്കിലും , ഇപ്പോഴും സംസ്ഥാനത്ത് അതിനു അനുസ്യൂതമായ സാഹചര്യമില്ലെന്ന് ഭയപ്പാടോടെ മാത്രമേ ചിന്തിക്കാന്‍ സാധിക്കു. നല്ല റോഡുകള്‍ പോലും ഇല്ലാതെ എന്ത് അടിസ്ഥാന സൌകര്യമാണ് ഇതുവരെ നമ്മുടെ മാറി മാറി വന്ന ഗവര്‍മെന്റുകള്‍ മലയാളിക്ക് നല്‍കിയിട്ടുള്ളത്?

നമ്മുടെ നേതാക്കന്മാര്‍ ഗുജറാത്തില്‍ പോയി കാണട്ടെ അവിടുത്തെ സൌകര്യങ്ങളും സൌഹൃദ അന്തരീക്ഷങ്ങളും !

 

പ്രവാസിയുടെ വിഹിതത്തോടൊപ്പം സര്‍ക്കാരിന്റെ വിഹിതം കൂടി ചേര്‍ത്തുള്ള പ്രവാസീ പെന്‍ഷന്‍ പദ്ധതി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇരുപതു ലക്ഷം കേരളീയരില്‍ എഴുപതു ശതമാനത്തിനും പ്രയോജനപ്പെടുമെന്ന് കണക്കാക്കുന്നു. സൗദി അറേബ്യയിലും മറ്റും ജോലിയില്‍ ഇരിക്കെ മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും, ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിദേശ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കുക , കൊണ്സുലൈറ്റ് ഓഫീസ്സുകളില്‍ നടമാടുന്ന അപാകതകള്‍ പരിഹരിക്കാനും ആവശ്യത്തിനുള്ള ജോലിക്കാരെ നിയമിക്കുന്നതിനും ചര്‍ച്ചകള്‍ നടന്നു.

പതിവ് പ്രസംഗ പ്രഖ്യാപനങ്ങള്‍ ഒക്കെയാണ് ഇത്തവണയും കൂടുതലായി ഉയര്‍ന്നു കേട്ടതെങ്കിലും, പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ചില നിര്‍ദേശങ്ങളും പദ്ധതികളും ഉയര്‍ന്നുവന്നിരിക്കുന്നു എന്നത് തന്നെ വളരെ സ്വാഗതാര്‍ഹം.

മാത്യൂ ജോയിസ്