Daily Archives: January 31, 2012
ഓര്‍മ്മക്കുറിപ്പ്
എസ് പി
ഞങ്ങള്‍ തീറ്റിപ്പോറ്റിയിരുന്ന ഒരു പറ്റം പുലികള്‍ ഇക്കഴിഞ്ഞ ദിവസം കങ്ങാരുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ഈ വനത്തില്‍ കയറിക്കൂടിയ പല കടുവകളെയും , ആനകളെയും വീഴ്ത്തിയിട്ടുള്ള പുലികള്‍ക്ക് മറ്റ് വനങ്ങളില്‍ പോകുമ്പോള്‍ ഇത്തരം ദയനീയ മായ ഒരു അന്ത്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
ആദ്യ ആക്രമണത്തില്‍ പരുക്കേറ്റപ്പോള്‍ അത് ഒറ്റപ്പെട്ട ഒന്നായി മാത്രമേ ഞങ്ങള്‍ കരുതിയുള്ളു. ഇനിയൊരു ആക്രമണം ഉണ്ടായാല്‍ ശക്തംമായി തിരിച്ചടിക്കും എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ രണ്ടാമത് ഉണ്ടായ ആക്രമണം ആദ്യത്തേതില്‍ നിന്നും വ്യത്യസ്തവും തികച്ചും ഭീകരത ഉളവാക്കുന്നതും ആയിരുന്നു. 99 വന്യ മൃഗങ്ങളെ കൊന്നൊടുക്കിയ ഞങ്ങളുടെ രാജാവ് നൂറാമത്തെ ജീവിയെ കൊല്ലുന്നത് കാണുവാന്‍ കൊതിച്ചിരിക്കുക ആയിരുന്നു ഞങ്ങളില്‍ പലരും. പക്ഷെ ആദ്യ രണ്ടു ആക്രമണങ്ങളില്‍ സാരമായ പരുക്ക് പറ്റിയ പുലികള്‍ക്ക് പിന്നീട് ഇക്കാര്യം മറന്നു കൂടുതല്‍ പരുക്കേല്‍ക്കാതെ എങ്ങനെ പിടിച്ചു നില്‍ക്കാം എന്നായി ചിന്ത.
കുറെ നാള്‍ മുന്‍പ് ബ്രിട്ടീഷ് വനത്തില്‍ വെച്ച് തുടരെ കിട്ടിയ നാല് ബോംബ് ആക്രമണത്തേക്കാള്‍ ഭീകരമായ അടികള്‍ ആയിരുന്നു ആദ്യ രണ്ടു ആക്രമണത്തിന് ശേഷം മനസ്സില്‍ കൂടി കടന്നു പോയത്. സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോള്‍ കുടുംബക്കാര്‍ കലഹിക്കുന്നത് പോലെ, പൊതിരെ തല്ലു കിട്ടിയപ്പോള്‍ ഞങ്ങളുടെ പുലികളും ചെറിയ തമ്മില്‍ തല്ലു തുടങ്ങി. ഇത് കങ്ങാര് പത്രങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചു.
അങ്ങനെ മൂന്നാമത്തെ വേട്ടയാടല്‍ ആരംഭിച്ചപ്പോള്‍ ചെറിയ ഒരു പ്രതീക്ഷ ഞങ്ങള്‍ നില നിര്‍ത്തിയിരുന്നു. അഞ്ചു ദിവസത്തെ ധ്യാനം, ഇതുവരെ കിട്ടിയ അനുഗ്രഹം മതിയേ, അതുകൊണ്ട് മൂന്നാമത്തെയോ നാലാമത്തയോ ദിവസം അവസാനിപ്പിക്കുന്നതുപോലെ ഉള്ള അനുഭവം ആയിരുന്നു ഈ യുദ്ധത്തിലും. എന്തിനും ഏതിനും വെറുതെ കിടന്നു കൂകുകയും തല്ലു കിട്ടുമ്പോള്‍ കരയുകയും ചെയ്യുന്ന ഒരു പുലിയെ ഈ യുദ്ധത്തിനു വിട്ടിട്ടില്ലായിരുന്നു. പക്ഷെ ആ കുറവ് നികത്തുവാന്‍ മറ്റൊരു പുള്ളിപ്പുലി കൂട്ടത്തില്‍ ഉണ്ടായിരുന്നു. തപ്പിയും തടഞ്ഞും എതിരാളികളെ നൂറു അടി അടിച്ചപ്പോള്‍ കൈയില്‍ ഇരുന്ന കോല്‍ എടുത്തു എന്തെക്കയോ കാട്ടുന്നുണ്ടായിരുന്നു. അംഗം ജയിച്ച ഭാവം ആയിരുന്നു ആ മുഖത്ത്. പക്ഷെ അതിന്റെ രണ്ടു ദിവസം കഴിഞ്ഞു അതിലും വലിയ തല്ലു വാങ്ങി വാലും മടക്കി എല്ലാം കൂടി പവലിയനില്‍ ഓടി ഒളിച്ചു.
ആദ്യ മൂന്ന് ആക്രമണത്തിലും തകര്‍ന്നു പോയ ഞങ്ങളുടെ പുലികളുടെ മനസ്സ് കുഞ്ഞുന്നാളില്‍ ചേച്ചിമാര്‍ തുളസിത്തറയില്‍ വിളക്ക് വെയ്ക്കുന്ന കാലത്തേക്ക് മടങ്ങിപ്പോയി. മഴ ദേവതയെ എങ്ങനെ എങ്കിലും ഒന്ന് കനിയേണമേ എന്ന്. പക്ഷെ കങ്ങരുക്കളുടെ നാട്ടില്‍ പോകുവാനുള്ള എമിഗ്രേഷന്‍ ശരിയാകാതെ മഴ ദേവത ചിലിയില്‍ കുടുങ്ങി കിടക്കുക ആയിരുന്നു.
അങ്ങനെ നാലാമത്തേതും അവസാനതെതുമായ യുദ്ധ ദിനം എത്തി. ആദ്യ രണ്ടു ദിവസത്തെ പോക്ക് കണ്ടപ്പോള്‍ തന്നെ ഇതിന്റെ ഗതിയും ഏതാണ്ട് മനസ്സിലായിത്തുടങ്ങി. ഒരാളിനെ കൊന്നതിനു ശേഷം അയാളുടെ ദേഹത്ത് മൂത്രം ഒഴിച്ച് വെയ്ക്കുന്ന സ്വഭാവക്കാര്‍ ആയിരുന്നു കങ്ങാരുക്കള്‍ മുന്‍കാലങ്ങളില്‍ . പക്ഷെ എന്തൊരു മാറ്റം ??? മൃതദേഹത്തിന് സല്യൂട്ട് അടിക്കും പോലെ, വിശ്വസിക്കാന്‍ വയ്യ. മാരത്താണ്‍ ഓട്ടത്തില്‍ വിജയിക്കുവാന്‍ 200 അടി മാത്രം കൂടി മതിയെന്നുള്ള അവസ്ഥയില്‍ രണ്ടു കിലോമീറ്റര്‍ പുറകില്‍ ഓടി വരുന്ന രണ്ടാമനെ ഒന്ന് കണ്ടിട്ട് ബാക്കി ഓടാം എന്ന് കരുതി കൊക്ക കോള കുടിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ താരത്തെപ്പോലെ, കങ്ങാരുക്കളുടെ പ്യൂണ്‍ , സോറി ക്ലാര്‍ക്ക് പെരുമാറിയപ്പോള്‍ അത് തന്ന ആശ്വാസത്തിന് കണക്കില്ലായിരുന്നു. ഫോളോ ഓണ്‍ ചെയ്യിക്കാതെ കാട്ടിയ അഭ്യാസം ഇന്നിങ്ങ്സ് തോല്‍വി എന്നാ നാണക്കേടില്‍ നിന്നും തലയൂരുവാന്‍ സഹായിച്ചു.
ഇനിയെന്ത് ?????????????? സീനിയര്‍ പുലകള്‍ കളം ഒഴിയണം എന്ന് ചിലര്‍ പറയുമ്പോള്‍ ക്യാപ്റ്റന്‍ പുലി മാറിക്കൊടുക്കണം എന്ന് മറ്റു ചിലര്‍ പറയുന്നു. ഇനി ആര് മാറിയാലും ആര് മാറിയില്ലെങ്കിലും ഒരാള്‍ മിക്കവാറും പണി നിറുത്തുവാന്‍ തികഞ്ഞ സാധ്യത ഉണ്ട്. ഈ പുലി – കങ്ങാരു പോരാട്ടത്തിനു സാക്ഷ്യം വഹിച്ച വ്യക്തി. മൂപ്പരുടെ രണ്ടു കയ്യും അനക്കുവാന്‍ പറ്റാത്തതുപോലെ വേദന. വൈഡിന് കൈകള്‍ ഇരു വശത്തേക്കും, വിക്കറ്റിനു ഒരു കൈ മുകളിലോട്ടും പൊക്കി പൊക്കി ആണ് പാവത്തിന് ഈ ഗതി വന്നതെന്നാണ് ബി ബി സി യുടെ വടക്ക് കിഴക്കന്‍ റിപ്പോര്‍ട്ടര്‍ w . k . u . ശശി പറയുന്നത്.








