Monthly Archives: February 2012
കുറ്റപ്പെടുത്തല്‍.. ഞാന്‍ മടുത്തു , സോദരി !
ജീവിതപങ്കാളിയെ കുറ്റപ്പെടുത്തുന്നതിനു മുന്പായി സ്വയം ഒന്ന് ചിന്തിച്ചാലും!
കോടതിയില്‍ കൊലക്കുറ്റം ചെയ്ത പ്രതിയെ വിസ്തരിക്കയായിരുന്നു.
പ്രതി :സര്‍ , ഞാനാണ് എന്റെ ഭാര്യയെ കൊല ചെയ്തത്, കുറ്റമാണെങ്കില്‍ ഞാന്‍ ഏറ്റു പറയുന്നു.
ജഡ്ജി : എന്തായിരുന്നു പ്രകോപിപ്പിച്ച കാരണം?
പ്രതി : അന്നവള്‍ വീണ്ടും ചോദിക്കുന്നു , “ഇത് നിങളുടെ ടവല്‍ അല്ലെ ഈ നിലത്തു കിടക്കുന്നത്, ഓരോ പ്രാവശ്യവും ഞാന്‍ പറയണോ അതെടുത്തു വെക്കാന്‍” ഇത് ഞാന്‍ ആയുഷ്കാലം മുഴുവന്‍ കേട്ട് മടുത്തിട്ടാണ് സാര്‍ ഞാന്‍ ആ ശല്യം ഒഴിവാക്കിയത്..
ഇത് വളരെ നിസ്സാരമായി തോന്നിയേക്കാം. പക്ഷെ ജീവിതത്തില്‍ ഉടനീളം കുറ്റപ്പെടുത്തലുകളും ആട്ടും തുപ്പും മാത്രം തന്റെ ഭാര്യയില്‍ നിന്നും സഹിച്ച ഒരു പാവം ഭര്‍ത്താവിന്റെ ദീനരോദനം ശരിക്കും കോടതി മുറിയില്‍ അരങ്ങേറിയതാണ്.
എത്രയും സന്തോഷകരമായി ജീവിക്കുന്ന കുടുംബം എന്ന് തോന്നിയാലും , അവരിലും ആരോ ഒരാള്‍ മറ്റേയാളെ എന്തിനെന്കിലുമൊക്കെ കുറ്റപ്പെടുത്തുന്നുണ്ടാവാം . ഒരു അളവ് വരെ ദാറ്റ് ഈസ് ഒകെ . പക്ഷെ എല്ലാത്തിനും ഒരു കുറ്റം ചാര്ത്തിയില്ലെങ്കില്‍ സമാധാനം ഇല്ലാത്ത പങ്കാളി ഒരു പ്രശ്നം തന്നെ ആണ്.
അതി രാവിലെ ഉണരുന്നത് തന്നെ കുറ്റം പറച്ചില്‍ കേട്ടുകൊണ്ടാണ് “നിങ്ങടെ ഒടുക്കത്തെ കൂര്‍ക്കം വലി കേട്ട് എനിക്ക് ഇന്നലെ ഉറങ്ങാനേ സാധിച്ചില്ല” .
അതിന്റെ പുറകെ അടുത്തത് ” നിങ്ങള്‍ ഇന്നലെ വാങ്ങിച്ചോണ്ട് വന്ന മില്‍മ പാല്, വെള്ളം പോലെയ) കിടക്കുന്നത്, കാപ്പീല്‍ ഒഴിച്ചിട്ടു പുഴവെള്ളം പോലെയ കിടക്കുന്നത്” (പാവം കെട്ടിയോന്‍ ആരെ പോയി കറക്കാനാ നല്ല പാല് വേണേല്‍).
എന്തായാലും നമ്മള്‍ വിചാരിച്ചതുപോലെ അല്ലെങ്കില്‍ എന്തെങ്കിലും പാളിച്ച പറ്റിയാലുടെന്‍ നമ്മള്‍ എന്തിനാണ് നമ്മുടെ പങ്കാളിയെ കുറ്റപ്പെടുത്തുന്നത് ? കാറിന്റെ കീ എവിടെയെങ്കിലും അറിയാതെ മിസ്പ്ലയ്സ് ചെയ്താലും , കമ്പ്യൂട്ടെരില്‍ ഒരു ഫയല്‍ ഡിലീറ്റ് ആയിപ്പോയാലോ , അതുമല്ലെങ്കില്‍ കാറില്‍ പെട്രോള്‍ തീര്‍ന്നു പോയാലും ഉടന്‍ കുറ്റം കൂടെ ഉള്ള ഇണക്ക് തന്നെ. ജീവിതത്തില്‍ എന്ത് അപാകത അനുഭവപ്പെട്ടാലും കുറ്റം മറ്റേ ആള്‍ക്ക് തന്നെ. ഞങ്ങളുടെ വേദങ്ങളിലെ പോലെ “ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ” . ജീവിതത്തിലെ തെറ്റുകല്‍ക്കെല്ലാം ഉത്തരവാദികള്‍ നിന്റെ ഭാര്യ , അല്ലെങ്കില്‍ ഗവര്‍ന്മെന്റ് , അതുമല്ലെങ്കില്‍ ദൈവം. മിക്കവാറും സ്വയം തെട്ടുകാരനായി ചിന്തിക്കാറില്ല. “ ഓ ഈ കല്യാണം കഴിഞ്ഞതില്‍ പിന്നെയാണ് ഇത്രയും പ്രശ്നങ്ങള്‍ , അതിനു മുന്‍പ് ഒരു കുഴപ്പവും ഇല്ലായിരുന്നു.” “നീ സ്വന്തം കാര്യം മാത്രം നോക്കുന്ന സെല്‍ഫിഷ്ആണെന്ന് പലപ്പോഴും കുറ്റ പ്പെടുത്തിയിട്ടുണ്ടാവാം.
ഇത് പോലെയുള്ള വ്യക്തികള്‍ നമ്മളെ എല്ലാത്തിനും കുറ്റപ്പെടുത്തി കുറ്റപ്പെടുത്തി , നമ്മള്‍ ചെയ്യുന്നത് ഒന്നും ശരിയല്ല എന്ന ഒരു മുന്‍ വിധിയില്‍ തന്നെ കാര്യങ്ങള്‍ വരുത്തി വെയ്ക്കുന്നു .ഇതേ പോലെത്തെ ഒരു വ്യക്തിയുടെ കൂടെ കുറെ നാള്‍ ഒരുമിച്ചു ജീവിച്ചു കഴിയുമ്പോള്‍ നാം ഒന്നിനും കൊള്ളാത്ത, കുറ്റ ബോധം വേട്ടയാടുന്ന, വൈകാരികമായി നിരാശയില്‍ അധപ്പതിച്ചു പോകുന്ന ഒരു കണ്ഫ്യൂസ്ട് പെര്സ്സനാലിടി ആയി പോയേക്കാം . ഈ നെഗടീവ് വ്യക്തിത്വമുള്ള നമ്മളുടെ പങ്കാളി, നമ്മളെ എല്ലാത്തിനും കുറ്റപ്പെടുത്തും , നമ്മളുടെ സംസാരം മാത്രമല്ല പ്രവര്‍ത്തികളും ഒരിക്കലും ശരിയല്ലെന്ന് വരുത്തി തീര്‍ക്കും.
മറ്റു കാര്യങ്ങളിലൊക്കെ ഈ ജീവിതപങ്കാളി നല്ലതായിരിക്കാം , കാണാന്‍ കൊള്ളാം , നല്ല ജോലി ഉണ്ട് , മാന്യതയില്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ടത പുലര്‍ത്തിയെക്കാം. പക്ഷെ കൂടെയുള്ള പങ്കാളിയെ രഹസ്യമായി
വൃണപ്പെടുത്തുന്നതില്‍ ഏതോ അവാച്യമായ സുഖം കണ്ടെത്തുന്നുണ്ടായിരിക്കാം , കൂട്ടത്തില്‍ പങ്കാളിയുടെമേല്‍ മേധാവിത്വം പുലര്‍ത്താനുള്ള ഒരു കുറുക്കു വഴിയുമായിരിക്കാം . പണ്ടേതോ ഒരു പുസ്തകത്തില്‍ വായിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു “ എല്ലാ വിവാഹങ്ങളും വിശുധമാണ് , പക്ഷെ എല്ലാം അത്ര സുരക്ഷിതം ആയിരിക്കയില്ല “.
പലര്‍ക്കും ഒരു തെറ്റിധാരനയുണ്ട് , പങ്കാളിയെ തൊഴിക്കുന്നതും, ഇടിക്കുന്നതും , തലമുടി പിടിച്ചു വട്ടം കറക്കുന്നതും , ചെപ്പക്കുറ്റിക്കിട്ട് അടിക്കുന്നതും മറ്റുമാണ് അതിരുകടന്ന പെരുമാറ്റങ്ങള്‍ എന്ന് . എന്നാല്‍ ശാരീരികമായി പീഡിപ്പിക്കുന്നതിനേക്കാള്‍ , ഇണയെ മാനസ്സികമായി തളര്‍ത്തുന്നതും , വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നതും പീഡനം തന്നെ ആണ് .
ദ്വേഷ്യപ്പെട്ടു സാധനസാമഗ്രികള്‍ വലിച്ചെറിയുന്നതും , ഒച്ച വെക്കുന്നതും , കതകു വലിച്ഛടക്കുന്നതും , ഭീഷണി മുഴക്കുന്നതുമെല്ലാം പീഡന കലകളിലെ ഓരോ മുദ്രകള്‍ ണെന്ന് അവര്‍ അറിയുന്നില്ലെന്ന് നടിക്കുക മാത്രമാണ്.
ഇങ്ങനെ പറഞ്ജോണ്ടിരുന്നിട്ടു ഒരു പ്രയോജനവും ഇല്ലല്ലോ. എല്ലാ സ്ത്രീക്കും പുരുഷനും സ്നേഹത്തിന്റെ ആവശ്യം എപ്പോഴും ഉണ്ട്. ആ ആവശ്യങ്ങള്‍ പൂര്തീകരിക്കപ്പെടാത്തപ്പോഴും, വികാരങ്ങള്‍ക്ക് മുറിവ് എല്ക്കുംപോഴും പങ്കാളിയെ വെറുതെ കുറ്റപ്പെടുത്താനും ശ്രമിക്കാറില്ലേ ? സ്നേഹം കൊണ്ട് എല്ലാം കീഴടക്കാം എന്നൊക്കെ നമ്മുടെ അമ്മമാര് പറഞ്ഞു വിടും , പക്ഷെ ഒരു രക്ഷയുമില്ല ഇതുവരെ എന്ന് ഗദ്ഗദത്തോടെ മാത്രമേ ചിന്തിക്കാന്‍ സാധിക്കയുല്ലുവെങ്കില്‍ , പങ്കാളിയോട് സ്നേഹമായി പറയുക “ എന്നെ ഇങ്ങനെ വെറുതെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല , സ്നേഹത്തോടെ പറഞ്ഞു തന്നാല്‍ മതി ഞാന്‍ തിരുത്താന്‍ ശ്രമിക്കാം. അതുപോലെ സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക . സ്നേഹമുള്ളിടത്തു കുറ്റപ്പെടുത്തലുകള്‍ കുറയും” .
കുറ്റപ്പെടുത്താന്‍ അടുത്ത പ്രാവശ്യം ശ്രമിക്കുന്നതിനു മുന്പായി ഒന്ന് ചിന്തിക്കുക, നമ്മള്‍ക്കും കണ്ണാടിയില്‍ ഒന്ന് നോക്കാന്‍ സമയമായിരിക്കുന്നു.
വീണ്ടും താമസിയാതെ കാണാം .
നിങ്ങളില്‍ ഒരുവള്‍
പ്രൊഫ. ലക്ഷ്മി ഗോപിനാഥ്
The Spirit of Helping……….
“I feel so selfish enjoying my many comforts when there is so much suffering in the world
A woman was the object of much curiosity in her affluent neighbourhood because of a most unusual habit. Every time she went into a store or a restaurant people noticed that she would take a little black book out of her purse and write in it. “Do you keep a record of everything you spend?” someone finally asked her.
“Oh, no,” she replied. “I only keep a list of what I buy in the way of luxuries–perfumes, mechanical gadgets, and things like that.”
“But what do you use the list for?” came back the query
“Well, the fact is.” the woman answered,
“I feel so selfish enjoying my many comforts when there is so much suffering in the world. So I keep this list, and whenever I spend money for my own comfort, I give a like amount to charity for the homeless or the sick.
Elsy Mathew
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
എസ് പി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞതുകൊണ്ട് എല്ലാ യാത്രക്കാരും ശ്രദ്ധിക്കേണ്ട. തല്‍ക്കാലം ട്രെയിന്‍ യാത്രക്കാര്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്ന് കരുതി എല്ലാ ട്രെയിന്‍ യാത്രക്കാരും ശ്രദ്ധിക്കേണ്ട. ട്രെയിനിലെ ഗര്‍ഭിണികളായ യാത്രക്കാര്‍ മാത്രം ശ്രദ്ധിക്കുക.
ലോകത്ത് ഏറ്റവും കൂടുതല്‍ വ്യക്തികള്‍ക്ക് ജോലി നല്‍കി തീറ്റി പോറ്റുന്ന സ്ഥാപനം നമ്മുടെ ഇന്ത്യന്‍ റെയില്‍വേ ആണല്ലോ. അപ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം പ്രതീക്ഷിക്കേണ്ട സ്ഥാപനവും ഇന്ത്യന്‍ റെയില്‍വേ തന്നെ. ഇപ്പോള്‍ അവര്‍ അവരുടെ ലാഭത്തില്‍ സംതൃപ്തര്‍ അല്ല. അപ്പോള്‍ എങ്ങനെ ലാഭം കൂട്ടാം എന്ന് പഠനം നടത്തി, പിന്നീട് വീണ്ടും വീണ്ടും പഠനം നടത്തി കൊണ്ടിരുന്നപ്പോള്‍ അവര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലാക്കി.
അതായത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന 5 % യാത്രക്കാര്‍ ടിക്കെറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവര്‍ ആണെന്ന്. ട്രെയിനില്‍ ടിക്കെറ്റ് എന്ന് പറഞ്ഞാല്‍ കേട്ടിട്ട് പോലുമില്ലാത്ത സ്ഥിരം ട്രെയിനില്‍ യാത്ര ചെയ്യുന്ന വടക്കേ ഇന്ത്യക്കാരെ ഒഴിവാക്കി ഉള്ള കണക്കാണിത്. ചാര്‍ ഊറ്റാവുന്നിടത് വീണ്ടും വീണ്ടും ഊറ്റുക എന്ന ലോക പോളിസിയുടെ ഭാഗമായി റെയില്‍വേ ഒരു പുതിയ നിയമം കൊണ്ട് വന്നു. മുകളില്‍ പറഞ്ഞ ടിക്കെറ്റ് ഇല്ലാ യാത്രക്കാരായ 5 % പേര്‍ക്ക് കടുത്ത പിഴയും കഠിന തടവും ഏര്‍പ്പെടുത്തുക.
ഗര്‍ഭസ്ഥ ശിശുക്കള്‍ആണ് ഈ 5 % യാത്രക്കാര്‍ എന്നതിനാല്‍ തടവും പിഴയും ഒക്കെ തലയില്‍ വെക്കേണ്ടി വരുന്നത് ഗര്‍ഭിണികളായ അമ്മമാരാണ്. പുതിയ നിയമം ഇങ്ങനെ : നിങ്ങളുടെ ഗര്‍ഭസ്ഥ ശിശു 3 മാസം വരെ പ്രായം ഉള്ളത് ആണെങ്കില്‍ ആ കുട്ടിക്ക് ടിക്കറ്റ് എടുത്തിട്ടില്ലെങ്കില്‍ 3000 രൂപയും മൂന്നു മാസം തടവും. കുട്ടി 3 മുതല്‍ 9 മാസം വരെ പ്രായം ഉള്ളതാണെങ്കില്‍ ടിക്കറ്റ് ഇല്ലാ യാത്രക്ക് 6 മാസം തടവും 6000 രൂപ പിഴയും.
നിങ്ങളുടെ ഗര്‍ഭ പാത്രത്തില്‍ കുട്ടിയുടെ കണികയെങ്കിലും കിടപ്പുണ്ടോ എന്ന് തിരിച്ചറിയുവാന്‍ അല്ലെങ്കില്‍ കണ്ടു പിടിക്കുവാന്‍ കഴിവുള്ള മെഷീന്‍ എല്ലാ പ്ലാറ്റ് ഫോമുകളിലും ട്രെയിനിന്റെ ഉള്ളിലും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് കുറ്റം ചെയ്‌താല്‍ പിടി ഉറപ്പ്.
മധു വിധു ആഘോഷിക്കുവാന്‍ ഊട്ടിയിലും തേക്കടിയിലും മറ്റും പോയി വരുന്ന സുഹൃത്തുക്കളേ നിങ്ങളുടെ മടക്കയാത്രയില്‍ എപ്പോഴെങ്കിലും ട്രെയിനില്‍ കയറേണ്ടി വന്നാല്‍ വെറുതെ ഒരു എക്സ്ട്രാ അര ടിക്കെറ്റ് കൂടി എടുത്തേക്കുക. കാരണം നിങ്ങളുടെ ആഘോഷത്തിനിടയില്‍ എന്തെങ്കിലും കൈ അബദ്ധം നിങ്ങള്‍ പോലും അറിയാതെ പിണഞ്ഞു പോയിട്ടുണ്ടെങ്കില്‍ അവസാനം മധു വീട്ടിലും ഭാര്യ വിധു അഴിക്കുള്ളിലും കിടക്കേണ്ടി വരും.
മാത്രവുമല്ല ഏതൊരു ട്രെയിന്‍ യാത്രയ്ക്ക് മുമ്പും വെറുതെ ഒരു പ്രേഗ്നന്‍സി ടെസ്റ്റ് നടത്തുന്നത് ഉചിതമായിരിക്കും. കാരണം ദീര്‍ഘ യാത്ര ആണെങ്കില്‍ ആ അര ടിക്കെട്ടിനെക്കാള്‍ ലാഭം ഈ ടെസ്റ്റ് ആണ്.
ഇത് കണ്ട് അവിവാഹിതരായ പെണ്‍കൊടികള്‍ ഊറി ചിരിക്കേണ്ട . ഇനി മുതല്‍ കേരളത്തിലെ പീഡനങ്ങളില്‍ 90 % ഉം ആദ്യം റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നത് റെയില്‍വേ സ്റെഷനുകളില്‍ നിന്നായിരിക്കും. ലവന്റെ കൂടെ അവിടെയും ഇവിടെയും കറങ്ങിയിട്ട് വരുമ്പോള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുക.
ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ലാഭകരം ആക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ നിയമം കൊണ്ടുവന്നതെങ്കില്‍ , ട്രെയിനിലെ അക്രമങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി മറ്റൊരു നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. അതായത് നിങ്ങള്‍ ട്രെയിനില്‍ കയറുമ്പോള്‍ തൊട്ടു മുമ്പ് കഴിച്ചിരിക്കുന്നത് മാംസാഹാരം ആണെങ്കില്‍, പ്രത്യേകിച്ച് പോത്തിറച്ചി ആണെങ്കില്‍ നിങ്ങളിലെ ആക്രമ വാസന കൂടുവാന്‍ സാധ്യത ഉള്ളതിനാല്‍ അതിനും പിഴയും തടവും ഉടന്‍ വരുവാന്‍ ആലോചിക്കുന്നതായി റെയില്‍വേ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
സോഡാ നാരങ്ങാ വെള്ളം കുടിച്ചിട്ടാണ് ട്രെയിനില്‍ കയറുന്നതെങ്കില്‍ ഉള്ളിലെ ഗ്യാസ് കാരണം നിങ്ങള്‍ പുറപ്പെടുവിക്കുന്ന എമ്പോക്കം മറ്റ് യാത്രക്കാര്‍ക്ക് അസൌകര്യം ഉളവാക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തടവും പിഴയും അതിനും ഏര്‍പ്പെടുത്തിയെക്കാം. കൂടാതെ നിങ്ങളുടെ ഉള്ളില്‍ മോരും വെള്ളം ആണോ , കട്ടന്‍ വെള്ളം ആണോ അതോ മല്ല്യ വെള്ളം ആണോ എന്ന് നോക്കി തക്ക ശിക്ഷ നല്‍കുന്ന കാലം വിദൂരമല്ല.
ട്രെയിനില്‍ ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്ന യാത്രക്കാര്‍ക്ക് കൊണ്ട് വരുവാന്‍ സാധ്യത ഉള്ള കടുത്ത തടവിന്റെയും പിഴയുടെയും കാര്യം ഓര്‍ത്തു വിഷമിക്കുകയാണ് അത്യാവശ്യം നല്ല ഗ്യാസ് ട്രബിള്‍ ഉള്ള കറിയാചേട്ടന്‍.. . ഈ മേല്‍ ശ്വാസത്തിന്റെ പരിധി കുറച്ചു കൂടി താഴോട്ടിറക്കിയാല്‍ വയസ്സ് കാലത്ത് അഴി എണ്ണുക എന്ന ചിന്തയാണ് കറിയചെട്ടന്റെ ആകുലതയ്ക്ക് കാരണം.
കട്ടുറുമ്പ്
എസ് പി
കുറച്ചു നാള്‍ മുമ്പ് നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്റെ അടുത്തിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഞാന്‍ ശ്രദ്ധിക്കുവാന്‍ ഇടയായി.
പല വിഷയങ്ങളും ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു അവര്‍ ഒടുവില്‍ കട്ടുറുമ്പില്‍ എത്തി. ഞാന്‍ അക്കാലത്ത് പടച്ചു വിട്ട പല കട്ടുറുമ്പുകള്‍ , അതിലെ തമാശകള്‍ പറഞ്ഞു അവര്‍ ചിരിച്ചു തുള്ളുന്നു. പദ്മ ഭൂഷന്‍ കിട്ടിയ വ്യക്തിയ്ക്ക് ഉണ്ടാകുന്ന ആത്മ സന്തോഷം പോലെ എന്തോ ഒന്ന് എന്റെ മനസ്സിലും കടന്നു പോയി. അതായത് ഒരു പണിയും ചെയ്യാതെ എന്തോ ഒരു ഉലക്ക കിട്ടുമ്പോള്‍ കിട്ടുന്ന ഒരു സുഖം.
ഇത് എഴുതുന്നവന്‍ പുലിയാണ് , അവനെ സമ്മതിച്ചു കൊടുക്കണം എന്നൊക്കെ പറഞ്ഞപ്പോള്‍ ഈ ബോഗിയില്‍ ഒരു എ സി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി . പിന്നെ എന്റെ ചിന്ത നിങ്ങള്‍ പറയുന്ന പുലി ഞാനാടാ മക്കളെ എന്ന് എപ്പോള്‍ ഇവരോട് പറയും എന്നായി.
കുറച്ചു കൂടി കഴിയട്ടെ എന്നെ പൊക്കി പൊക്കി അങ്ങ് മണ്ടയ്ക്ക് ഇരുത്തുമ്പോള്‍ നാടകീയമായി ഞാന്‍ എന്നെ വെളിപ്പെടുത്താം എന്ന് കരുതിയിരുന്നു. ഓന്തിന്റെ നിറം മാറുന്നതിലും വേഗത്തില്‍ ആയിരുന്നു പിന്നെ അവന്മാരുടെ സംഭാഷണം. എന്നെ പറ്റി പറയുന്നത് കേട്ട് തൊലിയുരിഞ്ഞു പോയി.
പോയി രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന് കരുതിയെങ്കിലും ആരോഗ്യ ശാസ്ത്രത്തില്‍ അവര്‍ക്ക് എന്നെക്കാള്‍ ഒരു ഡിഗ്രി കൂടുതല്‍ ഉള്ളത് കൊണ്ട് ഞാന്‍ പതിയെ എണീറ്റ് ബോഗി മാറി ഇരുന്നു.
കാണുന്നതിലും കേള്‍ക്കുന്നതിലും ഞാന്‍ കണ്ടെത്തുന്ന നര്‍മ്മങ്ങള്‍ കുറിച്ചിടുന്ന ആക്ഷേപ ഹാസ്യ പംക്തിയാണ് കട്ടുറുമ്പ്. ഇവ ചിലപ്പോള്‍ നിങ്ങളെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ആയിരിക്കും. മറ്റു ചിലപ്പോള്‍ അവ വെറും തറയും ആയിരിക്കാം. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ചിലവ പലരെയും മാനസീകമായി വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഇത് എഴുതുന്നവന്‍ ആരെണെന്ന് അറിഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ഇത്തരം വിഷമങ്ങള്‍ തോന്നുവാന്‍ ഇടയില്ല. അതുകൊണ്ട് ഞാന്‍ എന്നെ ഒന്ന് വെളിപ്പെടുത്തട്ടെ.
പേര് : സാജു പാപ്പച്ചന്‍ (ചൂണ്ടി കാണിക്കുവാന്‍ ഒരു അപ്പന്‍ ഉണ്ടെന്നു മനസ്സിലായല്ലോ).
ബ്ലഡ് ഗ്രൂപ്പ് : O -ve (സ്വഭാവത്തെപ്പറ്റിയും ഏകദേശ രൂപം കിട്ടി കാണുമല്ലോ).
തൊഴില്‍ : Busy with no work = വായ്നോട്ടം.
ഒരു മനുഷ്യനെയും സ്നേഹിക്കുന്നില്ല.
ഒരു മനുഷ്യനും എന്നെയും സ്നേഹിക്കുന്നില്ല എന്നതും സത്യം.
ഒരു മനുഷ്യനും ഞാനാല്‍ രക്ഷ പെട്ടിട്ടില്ല.
ഒരുത്തനും എനിക്കും ഒന്നും ഒലത്തിയിട്ടില്ല.
നന്മ എന്ന് വാക്ക് വെറുതെ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല.
അംഗീകാരം ഇഷ്ടപ്പെടുന്നില്ല. മറ്റാരെയെങ്കിലും അംഗീകരിക്കുക, ഹും … ഇനിയും ഒരു ഏഴ് ജന്മം കൂടി ജനിക്കണം.
പണവും സൌന്ദ്യര്യവും ഞാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. കാരണം രണ്ടും എനിക്കില്ല.
ഒരു ആള്‍ ദൈവവും എന്റെ മനസ്സില്‍ ഇല്ല, എന്തിന് ഏഴു അയല്‍വക്കത്ത് പോലുമില്ല.
ഞാന്‍ ഒരു വിശ്വസാഹത്യകാരന്‍ അല്ല , മറിച്ച് ഒരു നിലവാരം കുറഞ്ഞ എഴുത്തുകാരന്‍ ആണ്.
അങ്ങാടിയിലും കവലയിലും ഇരുന്നു കേശവനും നാണപ്പനും പറയുന്ന കാര്യങ്ങള്‍ ആണ് ഞാന്‍ എഴുതി വിടുന്നത്.
കേശവനും നാണപ്പനും സൈബര്‍ ലോകത്ത് ഇടതു കാല്‍ വെച്ച് കയറുന്ന കാലത്ത് ഞാന്‍ ഈ പണി നിറുത്തും.
ഇങ്ങനെയുള്ള ഒരു കൊഞ്ഞാണന്‍ ഉതിര്‍ക്കുന്ന വെടികളെ നിങ്ങള്‍ എന്തിന് ഭയക്കുന്നു. വെറുതെ ചിരിച്ചു തള്ളുക.
എങ്കിലും എന്റെ വായനക്കാര്‍ ലോല മനസ്സുള്ളവര്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് ഏതെങ്കിലും കട്ടുറുമ്പ് നിങ്ങളുടെ ഹൃദയ വികാരങ്ങളെ മുറിപ്പെടുത്തുന്നുണ്ടെങ്കില്‍ ദയവായി ഞങ്ങളെ editor@janakesari.com എന്ന വിലാസത്തില്‍ അറിയിക്കുക. 24 മണിക്കൂറിനകം അത് എടുത്തു മാറ്റുന്നത് ആയിരിക്കും.
ഡാം 1000
ചില സാങ്കേതിക കാരണങ്ങളാല്‍, ക്ഷമിക്കണം രാഷ്ട്രീയ കാരണങ്ങളാല്‍ ഇതിനെ ചവുറ്റു കൊട്ടയില്‍ തള്ളി.









